മാലപ്പടക്കംപോലെ ചിരിപൊട്ടിച്ച് പ്രേക്ഷകരെ കൈയ്യിലെടുത്ത നടനും മിമിക്രി താരവുമായ അബി കടന്നുപോകുമ്പോള്‍ വേദനയുടെ നനഞ്ഞ പടക്കങ്ങളാകും അവ ഇനി ഓര്‍മയില്‍.
മിമിക്രിയിലെ ആദ്യസൂപ്പര്‍ സ്റ്റാര്‍ ഹബീബ് മുഹമ്മദ് എന്ന അബിയായിരുന്നു. സിനിമയെക്കാളും അരങ്ങില്‍ അബിയെകാണാനായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ക്കിഷ്ടം. അന്‍പതോളം സിനിമയില്‍ അഭിനയിച്ചെങ്കിലും അരങ്ങിലെ താരമായിരുന്നു പ്രേക്ഷകന് അബി.
സിനിമാതാരങ്ങളെക്കാള്‍ ഒരുകാലത്ത് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് പേരുംപെരുമയും ഉണ്ടായിരുന്നു കേരളത്തില്‍. മിമിക്രി ഇല്ലാത്ത ഒരുപരിപാടി അന്നുണ്ടായിരുന്നില്ല. മിമിക്രിയാണ് ഏറ്റവും വലിയ കലയെന്നുപോലും സാധാരണക്കാര്‍ കരുതിയിരുന്നകാലം. അനേകം മിമിക്രി കലാകാരന്മാര് ഇങ്ങനെ സിനിമയില്‍ ചേക്കേറിയിരുന്നു. ഇന്നത്തെ ചില സൂപ്പര്‍ താരങ്ങള്‍പോലും മിമിക്രിയുടെ ബലത്തിലാണ് സിനിമാക്കാരായത്. സിനിമയിലേക്കു വരാനുള്ള എളുപ്പവഴികൂടെയായിരുന്നു അന്നു മിമിക്രി. ഒത്ത ശരീരവും പൊക്കവും സുന്ദരമുഖവുമായി അബി പെട്ടെന്ന് പ്രേക്ഷകരുടെയായി.
അന്നു പ്രധാനമായും സിനിമാതാരങ്ങളെ അനുകരിക്കലായിരുന്നു മിമിക്രിക്കാരുടെ ഇഷ്ട ഇനം. അബി മറ്റുള്ളവരുടെ കൂട്ടത്തില്‍ അമിതാഭ് ബച്ചനേയും മമ്മൂട്ടിയേയും അവതരിപ്പിച്ചിരുന്നു. മാത്രവുമല്ല, മമ്മൂട്ടിയുടെ വിദൂരസ്തനല്ലാത്ത അപരന് എന്ന വിലാസവും അബിയില്വന്നുചേര്ന്നു. മമ്മൂട്ടിയുടെ ശബ്ദവും ഭാവവുമായി അബി അരങ്ങു തകര്‍ത്തു.അതുപോലെ അബിയുടെ ആമിനത്താത്ത എന്ന പെണ്‍വേഷം കുടുകുടാ ചിരിപ്പിക്കുന്നതായിരുന്നു.
മിമിക്രിക്കാരുടെ ഗുരുകുലമായ കലാഭവന്റെ സന്താനമാണ് അബി.കലാഭവന്‍ അബി എന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഹരിശ്രീ,ഗിന്നസ് തുടങ്ങിയ കലാസംഘടനകളിലും തുടര്‍ന്നു. ദിലീപ്, നാദിര്‍ഷ തുടങ്ങിയവരെക്കാളും മിമിക്രി രംഗത്ത് മുതിര്‍ന്ന ആളാണ് അബി.
രസികന്‍, കിടിലോല്‍ക്കിടിലം, കിരീടം വെക്കാത്ത രാജാക്കന്മാര് തുടങ്ങിയ ചിത്രങ്ങള്‍ അബിയുടേതായി പെട്ടെന്ന് ഓര്‍മവരും. അന്‍പത്തി രണ്ടാം വയസിലും ഒരു യൗവ്വനത്തുടിപ്പിലായിരുന്നു ഈ നടന്. പുതുമുഖ നടന്മാരില് ശ്രദ്ധേയനായ ഷോണ്‍ നിഗം അബിയുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: