പള്ളിപ്പുറം: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനു കീഴില്‍ പള്ളിപ്പുറത്തു തുടങ്ങുന്ന ദേശീയ ഊര്‍ജ്ജ പരിശീലന കേന്ദ്രത്തില്‍ അടുത്ത അദ്ധ്യയന വര്‍ഷം ക്ലാസുകള്‍ തുടങ്ങും. കെട്ടിട നിര്‍മ്മാണം മെയ് മാസം പൂര്‍ത്തിയാക്കും.
1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 10 കെട്ടിടങ്ങളാണു പള്ളിപ്പുറം വ്യവസായ മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്നത്.ക്ലാസ് മുറികള്‍, ആണ്‍–പെണ്‍ ഹോസ്റ്റലുകള്‍, ജീവനക്കാരുടെ താമസ സ്ഥലം, ഭക്ഷണശാല, കോണ്‍ഫറന്‍സ് ഹാള്‍, അതിഥി മന്ദിരം, ലബോറട്ടറികള്‍, ഓഡിറ്റോറിയം, ശുചിമുറികള്‍ തുടങ്ങിയവയാണു നിര്‍മിക്കുന്നത്. ഇവയ്‌ക്ക് ഊര്‍ജ മന്ത്രാലയം 42 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദമായാണു കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. വന്‍ തൊഴില്‍ അവസരങ്ങളുള്ള ഊര്‍ജ്ജ എന്‍ജിനീയറിങ്, ഊര്‍ജ്ജ മാനേജ്‌മെന്റ് വിഭാഗങ്ങളിലെ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര കോഴ്‌സുകളാണ് ഇവിടെ നടക്കുക. ആകെ 13 കോഴ്‌സുകളുണ്ടാകും. ഊര്‍ജ്ജമേഖലയില്‍ പരിശീലനങ്ങളും ഗവേഷണങ്ങളും നടത്താനും സൗകര്യമുണ്ടാകും.
















