കാഞ്ഞിരപ്പള്ളി: കൊല്ലം- ദിണ്ഡിഗല്‍ 183 ദേശീയ പാതയോരത്തെ വൃക്ഷങ്ങള്‍ അപകടഭീഷണിയാകുന്നു. ദേശീയ പാതയോരത്ത് വാക ഉള്‍പ്പെടെയുള്ള മരങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലുമുണ്ട്. മരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുള്ളതിനാല്‍ ഇവയുടെ വേരുകള്‍ പലതും മണ്ണിന്റെ മുകളിലാണ്.
കാറ്റോ മഴയോ ഇല്ലാത്ത സമയങ്ങളില്‍ പോലും കൂറ്റന്‍ മരങ്ങളാണ് കടപുഴകി വീഴുന്നത്. തലനാരിഴക്കാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. റോഡുകളുടെ പണികള്‍ നടത്തുമ്പോള്‍ ഇവയുടെ ചുവട്ടിലെ മണ്ണാണ് കുഴികള്‍ നികത്താന്‍ ഉപയോഗിക്കുന്നത്. മഴക്കാലത്ത് വന്‍വൃക്ഷങ്ങളുടെ ചുവട്ടിലെ മണ്ണുകള്‍ ഒലിച്ചു പോകുന്നതും അപകട ഭീഷണിയാണ്. കഴിഞ്ഞ ദിവസം പൊടിമറ്റം കോളേജിന് സമീപം വാക മരം കടപുഴകി വീണിരുന്നു. കോളേജ് വളപ്പിലേക്ക് മറിഞ്ഞ് വീണതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത്. ഈ മരം എതിര്‍ ദിശയിലേക്കാണ് വീണിരുന്നതെങ്കില്‍ വന്‍ അപകടമുണ്ടാവുമായിരുന്നു.
മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനമെടുത്താല്‍ പരിസ്ഥിതി, വൃക്ഷസ്‌നേഹികളും പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. കോളേജിന് സമീപത്ത് അപകട ഭീഷണിയിലായിരിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യം ശക്തമാണ്. മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ പകരമായി കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ട് പ്രകൃതിയെ സംരക്ഷിക്കാന്‍ തയാറാണെന്ന് കാട്ടി അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കിട്ടുണ്ട്. ഇതിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.
















