തലശ്ശേരി: പിണറായി ഓലയമ്പലത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കൊല്ലനാണ്ടിയില്‍ രമിത്ത് (26) വധക്കേസിലെ പ്രതികളായ 15 സി.പി.എം. പ്രവര്‍ത്തകരോടും ഡിസമ്പര്‍ 4ന് ഹാജരാവാന്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. രമിത്ത് കേസില്‍ 15 പേരാണ് പ്രതിസ്ഥാനത്തുള്ളത്.
ഇവരില്‍ 9 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 4 പേരെ ബുധനാഴ്ച ഉച്ചയോടെ പിണറായിയില്‍ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയിരുന്നു. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണുള്ളത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസ് സെഷന്‍സിലേക്ക് കമ്മിറ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് മുഴുവന്‍ പ്രതികളോടും ഹാജരാവാനായി കോടതി സമന്‍സും വാറണ്ടും പുറപ്പെടുവിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് രാവിലെ ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപത്ത് വച്ചാണ് രമിത്ത് കൊല്ലപ്പെട്ടത്.
മട്ടന്നൂര്‍ ചാവശ്ശേരിയില്‍ വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.പിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനും ബസ്സ് െ്രെഡവറുമായിരുന്ന കൃഷ്ണകൃപയില്‍ ചോടോന്‍ ഉത്തമന്റെ ഏക മകനായിരുന്നു രമിത്ത്. രമിത്തിന്റേത് ഉള്‍പെടെ സംസ്ഥാനത്ത് കൊല്ലപ്പെട്ട 7 ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കേസുകള്‍ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് തലശ്ശേരിയിലെ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച ഹരജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.
















