ഇരിട്ടി: മാടത്തില്‍ ഇന്നലെ വൈകുന്നേരം നാലുമണിയോടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയത് ഒന്നര മണിക്കൂര്‍ നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിനൊടുവില്‍. മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന് മുന്നില്‍ കെഎസ്ടിപി റോഡ് പണിയുടെ ഭാഗമായി മണ്ണ് നീക്കിയ സ്ഥലത്ത് കരാറുകാര്‍ സുരക്ഷാഭിത്തി നിര്‍മ്മിക്കുന്നതിനിടെ ഇരുപത് മീറ്ററോളം പൊക്കത്തില്‍ നിന്നും മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനൊപ്പം പള്ളിയുടെ മുറ്റത്തെ കൂറ്റന്‍ കൊടിമരവും താഴേക്കു പതിച്ചു.
ഏറെ സാഹസികമായാണ് പൂര്‍ണമായി മണ്ണിനടിയില്‍പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തിയത്. പോലീസ് എത്തുന്നതിനു മുന്നേ മണ്ണിനിടയില്‍ കുടുങ്ങിപ്പോയ ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ്, ഫയര്‍ഫോഴ്‌സ്, കണ്‍സ്ട്ര്ക്ഷന്‍ കമ്പനിയുടെ ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്തുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു. മണ്ണിടിഞ്ഞു വീണ ഭാഗത്തോട് ചേര്‍ന്ന ബാക്കി മണ്ണും ഇടിഞ്ഞു വീഴാം എന്ന സാഹചര്യവും നിലവിലുണ്ടായിരുന്നു.
റോഡ് നിര്‍മാണ ചുമതലയുള്ള ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനി സബ് കോണ്‍ട്രാക്ട് കൊടുത്തവരുടെ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനസമയത്ത് എത്ര പേര്‍ മണ്ണിനടിയില്‍പെട്ടന്ന കാര്യത്തില്‍ ആദ്യവസാനം വ്യക്തയില്ലാത്തത് ആശങ്കക്കിടയാക്കിയെങ്കിലും ഒടുവില്‍ മൂന്ന് പേര്‍ മാത്രമാണ് അപകടത്തില്‍പെട്ടതെന്ന് വ്യക്തമായതോടെയാണ് ആശങ്കയകന്നത്. കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ പെട്ടോയെന്ന ആശങ്കയുള്ളതിനാല്‍ ജെസിബി കൂടുതലായി ഉപയോഗിക്കാതെ മണ്‍വെട്ടി ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനത്തിനായി മണ്ണ് നീക്കിയത്. സണ്ണി ജോസഫ് എംഎല്‍എ, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍, പഞ്ചായത്തംഗം പി.എന്‍.സുരേഷ്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ സത്യന്‍ കൊമ്മേരി, കെ.സജീവന്‍, അജയന്‍പായം, കെ.ടി.ജോസ്, ബിനോയ്‌കുര്യന്‍, കെ.ശ്രീധരന്‍, പി.പി.അശോകന്‍, രവി മാടത്തില്‍, തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
















