ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് പ്രവര്‍ത്തിക്കിടെ ഇരിട്ടിക്കടുത്ത് മാടത്തിയില്‍ മണ്ണിടിഞ്ഞുവീണു ഒരാള്‍ മരിച്ചു. മൂന്നുപേരെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മാടത്തില്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയുടെ പാര്‍ശ്വ ഭിത്തിയോട് ചേര്‍ന്ന മണ്ണ് നീക്കം ചെയ്തിരുന്നു. ഇവിടെ റോഡ് കരാറുകാര്‍ കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷാമതില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിച്ചാല്‍ ഉണ്ടായത്. പള്ളിമുറ്റത്തുണ്ടായിരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് കൊടിമരവും മണ്ണിനൊപ്പം താഴേക്ക് പതിച്ചു.
കൊല്‍ക്കത്ത സ്വദേശി റബി മുര്‍മു (31) ആണ് മരിച്ചത്. നിര്‍മ്മാണകമ്പനിയായ ഇകെകെ യുടെ എഞ്ചിനീയര്‍ തൃശൂര്‍ സ്വദേശി എം.പി. അനൂപ് (28), നിര്‍മ്മാണ തൊഴിലാളികളായ ബംഗാളില്‍ നിന്നുമുള്ള ഗണേഷ് (21), സോമനാഥ് ദാസ് (35), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം ഇരിട്ടി അമല ആശുപത്രിയിലും പിന്നീട് കണ്ണൂരിലേക്കും മാറ്റി.
വ്യാഴാഴ്ച വൈകീട്ട് 4 മണിയോടെ ആണ് അപകടമുണ്ടായത്. ഇരുപതു മീറ്ററോളം പൊക്കത്തിലുള്ള മതിലിലെ മണ്ണാണ് ഇടിഞ്ഞുവീണത്. മൂന്നുപേര്‍ പൂര്‍ണ്ണമായും മണ്ണിനടിയില്‍ അകപ്പെട്ടു പോയി. ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട സോമനാഥ് ആണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ പോലീസ് എത്തുന്നതിനു മുന്നേ തലഭാഗം മാത്രം പൊറത്തു കണ്ടിരുന്ന അനൂപിനെയും ഗണേഷിനെയും അല്‍പ്പം മണ്ണുമാറ്റി ശ്വസിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്ത്. രണ്ടു മണിക്കൂറോളം നേരത്തെ അഗ്‌നിശമനസേനയുടെയും, പോലീസിന്റെയും നാട്ടുകാരുടെയും പരിശ്രമമാണ് രണ്ടുപേരുടെയും ജീവന്‍ രക്ഷിച്ചു പുറത്തെടുക്കാന്‍ സഹായിച്ചത്. റബി മുര്‍മു കമിഴ്ന്നുവീണു മണ്‍കൂനക്കുള്ളില്‍ അകപ്പെട്ടു പോയതാണ് മരണകാരണമായത്. ആദ്യം പരിക്കേറ്റവരെ രക്ഷപ്പെടുത്തിയശേഷം മുര്‍മുവിന്റെ മൃതദേഹം പുറത്തേക്കെടുക്കുകയായിരുന്നു.
അപകടസ്ഥലത്ത് ജനങ്ങള്‍ തള്ളിക്കയറാതിരിക്കാന്‍ വടം കെട്ടിത്തിരിച്ചിരുന്നു. ഇരിട്ടി, ഉളിക്കല്‍ പോലീസുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍, എംഎല്‍എ സണ്ണി ജോസഫ്, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
















