ഒലവക്കോട്: സംസ്ഥാനത്ത് തേങ്ങക്ക് വില കുതിച്ചുയര്‍ന്നതോടെ വെളിച്ചെണ്ണക്കും വില ഉയര്‍ന്ന സാഹചര്യത്തില്‍ ശബരി വെളിച്ചെണ്ണ വിസ്മൃതിയിലാവുന്നു.
സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റ് മാവേലി സ്റ്റോറുകളില്‍ വിതരണം ചെയ്യുന്ന ശബരി വെളിച്ചണ്ണയാണ് ഉപഭോക്താക്കാള്‍ക്ക് കിട്ടാക്കനിയാവുന്നത്. ഒരുലിറ്ററിന് 90 രൂപ നിരക്കിലാണ് ശബരി വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. എന്നാല്‍ പൊതുവിപണിയില്‍ തേങ്ങവില കുതിച്ചുയര്‍ന്നതോടെ വെളിച്ചെണ്ണക്ക് 175 രൂപമൂതല്‍ 190 രൂപ വരെയായിരിക്കുകയാണ്.
ഇത്തരം സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സര്‍ക്കാര്‍ ഔട്ട്ലെറ്റുകളാണ് ശബരി വെളിച്ചെണ്ണ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ശബരി വെളിച്ചെണ്ണ വില്‍ക്കാതെ വിലകൂടിയ കുത്തക കമ്പനികളുടെ വെളിച്ചണ്ണ വില്‍ക്കുന്നതിലൂടെ ലാഭംകൂടുതല് കിട്ടുന്നതാണ് മറ്റു വെളിച്ചെണ്ണകള്‍ വില്ക്കാന് കാരണം.
തേങ്ങക്ക് പൊതുവിപണിയില്‍ ഒരു കിലോക്ക് 55 രൂപ മുതല്‍ 60 രൂപ വരെയാണ് വില. വെളിച്ചെണ്ണ വില മുതലെടുത്ത് അയല്‍ സംസ്ഥാനത്ത് നിന്നും വ്യാജ പേരുകളില്‍ വിലകുറഞ്ഞ വെളിച്ചെണ്ണ വിപണിയിലെത്തുന്നുണ്ടെങ്കിലും ഇതുപയോഗിച്ചാല്‍ ആരോഗ്യ പ്രശ്നമുണ്ടാക്കുന്നുണ്ട്.
സപ്ലൈക്കോ, മാവേലി ഔട്ട് ലെറ്റുകളിലെത്തുന്നവര്ക്ക് സ്റ്റോക്ക് എത്തിയിട്ടില്ലെന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കുന്നത്. എന്നാല്‍ ഇതിനെതിരെ കയര്‍ക്കുന്നവരോട് ചിലപ്പോള്‍ ശബരി വെളിച്ചെണ്ണ കൊടുക്കുന്നതായും ആരോപണമുണ്ട്. ഇത്തരത്തില്‍ ശബരി വെളിച്ചെണ്ണ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലക്ക് മൊത്ത വില്പന നടത്തുന്നതായാണ് ആരോപണം.
പൊതുവിപണിയില്‍ ആവശ്യ സാധനങ്ങള്ക്ക വിലയുയരുമ്പോല് പൊതുജനങ്ങള്‍ക്ക് വിലകുറച്ച് ആവശ്യ സാധനങ്ങള്‍ നല്‍കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് ആരോപങ്ങളുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: