പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പുഞ്ചയിലുള്ള ആദിവാസികള്‍ക്ക് പൂക്കോട്ടുംപാടം എസ്ഐയുടെ ഭീഷണി. റീഗല്‍ എസ്റ്റേറ്റിന് സമീപമുള്ള വനദുര്ഗ്ഗാ ദേവീക്ഷേത്രത്തിന് സമീപം ആദിവാസികള്‍ കുടില്കെട്ടിയതാണ് എസ്ഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്. എസ്റ്റേറ്റ് മാനേജരോടൊപ്പം സ്ഥലത്തെത്തിയ എസ്ഐ കുടില്‍ പൊളിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആദിവാസികള്‍ പറയുന്നു.
പതിറ്റാണ്ടുകളായി ആദിവാസികള്‍ ആരാധന നടത്തുന്ന ഈ ക്ഷേത്രത്തില്‍ മണ്ഡലകാലത്ത് നിരവധി ഭക്തജനങ്ങള്‍ എത്താറുണ്ട്. എന്നാല്‍ ഇത്തവണ എസ്റ്റേറ്റ് മാനേജരും സംഘവും ക്ഷേത്രത്തില്‍ വരുന്നവരെ പലകാരണങ്ങള്‍ പറഞ്ഞ് ഭീക്ഷണിപ്പെടുത്തി തിരിച്ചയക്കാന്‍ തുടങ്ങി. ഇതിനെ തുടര്‍ന്നാണ് ആദിവാസി മൂപ്പന് ഗോപാലന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് സമീപം കുടില്‍ നിര്‍മ്മിച്ച് താമസം തുടങ്ങിയത്. വനദുര്ഗ്ഗാ ക്ഷേത്രത്തോടനുബന്ധിച്ചുള്ള രണ്ടേക്കറോളം സ്ഥലം ആദിവാസികളുടെ കൈവശമായിരുന്നു. എന്നാല്‍ പിന്നീട് എസ്റ്റേറ്റ് ഉടമസ്ഥര്‍ ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് സ്ഥലം തങ്ങളുടെ പേരിലാക്കുകയും ക്ഷേത്രം തങ്ങളുടെ കുടുംബക്ഷേത്രമാണെന്ന് അവകാശവാദം ഉന്നിയിക്കുകയായിരുന്നു.
എസ്റ്റേറ്റ് അധികൃതരുടെ പരാതി അന്വേഷിക്കാനാണ് എസ്ഐ അമൃത്രംഗന്‍ സ്ഥലത്തെത്തിയത്. കുടില്‍ വിട്ടുപോയില്ലെങ്കില്‍ മുത്തങ്ങ സംഭവം ആവര്‍ത്തിക്കുമെന്നും എല്ലാവരെയും കള്ളക്കേസില്‍ കുടുക്കുമെന്നും ഗോപാലന്റെ ഭാര്യ വിനോദിനിയെ എസ്ഐ ഭീക്ഷണിപ്പെടുത്തി. ഷെഡ് ആദിവാസികള്‍ തന്നെ പൊളിച്ച മാറ്റാത്ത പക്ഷം ജോലിക്കാരെ ഉപയോഗിച്ച് ഷെഡ് പൊളിച്ച മാറ്റാന്‍ മാനേജരോട് എസ്ഐ ആവശ്യപ്പെട്ടതായും അതിന് വേണ്ട എല്ലാ സഹായവും പോലീസ് ചെയ്യാമെന്നും എസ്ഐ പറഞ്ഞതായി ആദിവാസികള്‍ പറയുന്നു. സര്‍ക്കാര്‍ ജോലിക്കുള്‍പ്പടെ പോലീസ് വെരിഫിക്കേഷന് ആവശ്യമായി വരുമ്പോള്‍ തരില്ലെന്നും എസ്ഐ ഭീഷണിമുഴക്കി. തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പക്ഷം കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്നാണ് ഗോപാലന്റെ മാതാവും മുന്‍ മൂപ്പന് വീരന്റെ ഭാര്യയുമായ ചാത്തി പറയുന്നത്.
മലദൈവ ക്ഷേത്രമായ തങ്ങളുടെ ക്ഷേത്രം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന റീഗല്‍ എസ്റ്റേറ്റ് ഉടമസ്ഥരെ തടയണമെന്നും തങ്ങള്‍ക്കവകാശപ്പെട്ട സ്ഥലംതിരിച്ച് ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, എംഎല്‍എ, ഡിജിപി, എസ്പി, ഡിവൈഎസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: