വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലെ നല്ല സിനിമയെന്നും അന്തര്‍ദേശീയ വിഷയമുള്ള ഭാഷയെന്നും മലയാളി പ്രേക്ഷകന് പരക്കെ സമ്മതിച്ച ചിത്രമാണ് ടെയ്ക്ക് ഓഫ്. മഹേഷ് നാരായണന് സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും പാര്‍വതിയുടെ സിനിമയാണെന്നുവരെ കാണികള്‍ പറഞ്ഞു. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്ക്കാരം പാര്‍വതി നേടുമ്പോള്‍ പ്രേക്ഷകരുടെ അന്നത്തെ നിരീക്ഷണമാണ് സത്യമാകുന്നത. ഇത്തരമൊരു പുരസ്ക്കാരം നേടുന്ന ആദ്യ മലയാളി എന്ന ബഹുമതിയും ഈ നടിക്കാണ്.മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പരാമര്‍ശവും ടേയ്ക്ക് ഓഫിനാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് പാര്‍വതി. വെറും വിവാദങ്ങളുടെ പൊങ്ങച്ച സഞ്ചി തുറന്ന് പേരു സമ്പാദിക്കുന്ന മറ്റു നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ് ഈ നടി.സര്‍ഗാത്മകമായ നടനവും സിനിമയുടെ തെരഞ്ഞെടുപ്പിലും വ്യക്തിപരമായ നിലപാടിലും എല്ലാം തന്നെ ഉറപ്പുള്ള വ്യക്തിത്വമാണ് ഈ പെണ്‍കുട്ടിക്ക്. സിനിമയെ അതിയായി സ്നേഹിക്കുമ്പോഴും മുടങ്ങാതെ സിനിമ ചെയ്യണമെന്ന് ഒട്ടുംതന്നെ നിര്ബന്ധബുദ്ധിയില്ലാത്ത നടിയാണ് പാര്‍വതി. ഒരുപക്ഷേ ആഗ്രഹിക്കുമ്പോള്‍ മാത്രം സിനിമചെയ്യുന്നവര്. സിനിമയോടൊപ്പം തന്നെ,അല്ലെങ്കില്‍ ഒരുപടി അതിലുമധികം യാത്രയോടാണ് പാര്‍വതിക്കിഷ്ടം. ഓരോ സിനിമ കഴിയുമ്പോഴും അവര്‍ യാത്രപോകുന്നു. യാത്രയിലെ കാഴ്ചകളും അന്വേഷണങ്ങളും അത്രയ്ക്കുമിഷ്ടം.
ടേയ്ക്ക് ഓഫ് കാണികളുടെ ഉള്ളുലയ്ക്കുന്ന ചിത്രമായിരുന്നു.പാര്‍വതിയുടെ സമീറ എന്ന കഥാപാത്രത്തിനു കിട്ടിയ പ്രേക്ഷക പ്രശംസ വലുതായിരുന്നു.ഇറാഖിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട നഴ്സിനെയാണ് പാര്‍വതി അവതരിപ്പിച്ചത്. ആകെ അഭിനയിച്ച സിനിമയുടെ എണ്ണത്തേക്കാള്‍ ഇരട്ടിയാണ് പാര്വതിനേടിയ പുസ്ക്കാരങ്ങളുടെ എണ്ണം. പതിനൊന്നു വര്‍ഷങ്ങള്‍കൊണ്ട് മലയാളം,തമിഴ്,കന്നഡ,ഹിന്ദി ഭാഷകളിലായി പന്ത്രണ്ട് സിനിമകള്‍. 22അവാര്‍ഡുകള്‍. ഇതൊരു റെക്കോര്‍ഡാണ്. 2006ല്‍ ഗായത്രിയായി ഔട്ട് ഓഫ് സിലബസില്‍ തുടങ്ങി. അതേ വര്‍ഷം തന്നെ നോട്ട് ബുക്കില്‍ പൂജാ കൃഷ്ണയായി തകര്‍ത്താടി. ചിത്രം വന്‍ ഹിറ്റായിരുന്നു. പാര്‍വതിയുടെ കൗമാര കഥാപാത്രം അതിലും ഹിറ്റായിരുന്നു. വിവിധ ഭാഷാചിത്രങ്ങളിലെല്ലാം വേറിട്ട വേഷങ്ങളായിരുന്നു ഈ നടിക്ക്.
നടനത്തിന്റെ പക്വത ആവശ്യപ്പെടുന്ന വേഷങ്ങള്‍. ചാര്ളിയിലേയും എന്ന് നിന്റെ മൊയ്തീനിലേയും വേഷങ്ങള്‍ പിന്നേയും പാര്‍വതി എന്ന നടിയെ പ്രേക്ഷകനിലേക്കു വിതറിയിട്ടു. വാരിവലിച്ചു ചിത്രങ്ങള്‍ ചെയ്യാതെ ശരീരത്തില്‍ കയറിയ വേഷത്തെ പുറത്തേക്കിറങ്ങാനുള്ള സ്വാതന്ത്ര്യവും സമയവും നല്കിയ ശേഷം മാത്രമെ ഈ നടി പുതിയ വേഷങ്ങളെ സ്വീകരിക്കൂ എന്നത് മറ്റുള്ളവരില്‍ കാണാത്തൊരു വാസനയാണ്.കഥാപാത്രങ്ങളെ നിരീക്ഷിച്ചും പഠിച്ചുമുള്ള ഒരു ഗവേഷണം തന്നെ ഇക്കാര്യത്തില്‍ ഇവര്‍ ചെയ്യുന്നുണ്ടെന്നുതോന്നുന്നു.
ലോക പരിചയത്തില്നിന്നുമുണ്ടായ ഉണര്‍വുകളുടെ പിന്‍ബലത്തിലുള്ള ഉറച്ച നിലപാടുകളും അവയിലെ സുതാര്യതയും മറ്റും കേവലമൊരു സിനിമാ താരം എന്നതിലുപരി അസാധാരണ സ്ത്രീ വ്യക്തിത്വം എന്ന നിലയില്‍ തന്നെയാണ് പാര്‍വതിയെ പ്രേക്ഷക സമൂഹം കാണുന്നത്. സിനിമയിലെ പുതിയ സ്ത്രീ കൂട്ടായ്മയിലെ പ്രധാനിയായ ഈ പെണ്‍കുട്ടിയുടെ അഭിപ്രായങ്ങളും തുറന്നു പറച്ചിലുകളും അതിന്റേതായ അര്‍ഥത്തില്‍ തന്നെയാണ് ജനം വീക്ഷിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: