ആലപ്പുഴ: അശരണര്‍ക്ക് സൗജന്യമായും ആവശ്യക്കാര്‍ക്ക് സൗജന്യ നിരക്കിലും ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള വിശപ്പു രഹിത കേരളം പദ്ധതി ജില്ലയില്‍ ജനകീയമായി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കളക്ടര്‍ ടി.വി അനുപമ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ആലപ്പുഴ നഗര സഭയിലാണ് പദ്ധതി നടപ്പാക്കുന്നത്. ജനുവരി ഒന്നു മുതല്‍ എല്ലാ വാര്‍ഡുകളിലുമായി അഞ്ഞൂറ് പേര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയിലേക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള അടുക്കള നിര്‍മ്മിക്കുന്നതിന് മൂന്നിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും വിട്ടുകിട്ടിയിട്ടില്ല. വീടുകളില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവരുടെ വിവരം ആശ -അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന ശേഖരിക്കും.
മക്കള്‍ തൊഴിലിനു പോകുന്ന സാഹചര്യത്തില്‍ വീട്ടില്‍ തനിച്ചാകുന്ന പ്രായമുള്ളവര്‍ക്കും ഭക്ഷണം നല്‍കും. രാത്രിയിലേക്കു കൂടി ഉപയോഗിക്കത്തക്കവിധം ഭക്ഷണം കാസ്‌റോളില്‍ നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും.
വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാനാണ് ആദ്യ തീരുമാനമെങ്കിലും ആഴ്ചയില്‍ ഒന്നു രണ്ടു ദിവസം നോണ്‍ വെജിറ്റേറിയന്‍ കറികള്‍ ഉള്‍പ്പെടുത്തും. പരീക്ഷകള്‍ക്കും മറ്റാവശ്യത്തിനുമായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിനും പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്.
















