കണ്ണൂര്‍: കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മിലാദ് ക്യാംപയിനിന്റെ ഭാഗമായി എസ്‌വൈഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ സ്‌നേഹവിരുന്ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നബിദിനത്തില്‍ ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കും. ജാതിമതഭാഷാ വൈവിധ്യങ്ങള്‍ക്കതീതമായി മാനവികത ഉയര്‍ത്തിപ്പിടിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത പ്രവാചകരുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ ആശുപത്രി, ഇരിട്ടി ഹോസ്പിറ്റല്‍, സ്‌നേഹഭവന്‍ പയ്യാവൂര്‍, പേരാവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍, പഴയങ്ങാടി ആശുപത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, ചക്കരക്കല്‍ ഗവ.ആശുപത്രി, പാനൂര്‍, പള്ളൂര്‍, ചൊക്ലി ഹോസ്പിറ്റലുകള്‍, തലശ്ശേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് നാളെ സ്‌നേഹവിരുന്ന് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് ജില്ലാ ആശുപത്രിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ചടങ്ങില്‍ എസ്‌വൈഎസ് സംസ്ഥാന കമ്മറ്റിയംഗം കെ.എം.അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദുമി അധ്യക്ഷത വഹിക്കും. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.അബ്ദുല്ലത്തീഫ് പഴശ്ശി സന്ദേശം കൈമാറും. ആര്‍.പി.ഹുസൈന്‍ മാസ്റ്റര്‍, കെ.പി.അബ്ദുള്ളക്കുട്ടി ബാഖവി, മുഹ്‌യുദ്ദീന്‍ സഖാഫി മുട്ടില്‍, കെ.അബ്ദുറസാഖ്, നിസാര്‍ അതിരകം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















