പഴയങ്ങാടി: റവന്യൂ വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് നേടിയ നിയമസാധുതയില്ലാത്ത രേഖകളുടെ ബലത്തില്‍ മാടായിക്കാവിന്റെ ഭൂമി കവര്‍ന്നെടുക്കുന്നതിനെതിരെ വിശ്വാസികളെ അണിനിരത്തി ചെറുക്കുമെന്ന് മാടായിക്കാവ് ഭഗവതി ഭക്തസംഘം പ്രവര്‍ത്തകയോഗം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 9ന് വൈകുന്നേരം 4 മണിക്ക് മാടായിപ്പാറയില്‍ പ്രതിഷേധ കൂട്ടായ്‌മയും ജനുവരിയില്‍ മാടായിക്കാവ് ഭൂമി സംരക്ഷണ സമ്മേളനവും നടത്തും.
മാടായിപ്പാറ സമരത്തോടെ ഭൂമി ഭൗതികമായി സംരക്ഷിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ ദേവസ്വം ഭൂമിയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇവിടെ കെട്ടിടം പണി ആരംഭിച്ച് നിര്‍മ്മാണത്തിന് ജൂതക്കുളത്തിലെ ജലംപോലും ഊറ്റിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടായിരിക്കയാല്‍ ഇവര്‍ക്കെതിരെ സത്വര നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ദേവസ്വം ആധികൃതരോട് യോഗം ആവശ്യപ്പെട്ടു.
കെ.പി.ചന്ദ്രാംഗദന്‍, പി.രാഘവന്‍, കെ.പി.രവീന്ദ്രന്‍, പി.കുമാരന്‍, എന്‍.കെ.ഗോവിന്ദന്‍, പൊയ്യില്‍ അജിത്ത്, പി.എം.ദേവരാജ്, എം.പി.ഗണേശന്‍, യു.രാഘവന്‍, സി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
















