കണ്ണൂര്‍: ഉള്‍നാടന്‍ ജലപാത ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തകുന്നു. മയ്യഴിപ്പുഴ മുതല്‍ എരഞ്ഞോളി പുഴവരെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. 1965-67 കാലഘട്ടത്തില്‍ തുടക്കമിടുമ്പോള്‍ കോഴിക്കോട് ജില്ലവരെ പദ്ധതി രേഖ തയ്യാറാക്കി ഭൂപ്രദേശം അടയാളപ്പെടുത്തിയതിനാല്‍ നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ പിന്നീട് കെട്ടിടങ്ങള്‍ പണിതിട്ടില്ല. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ പാത അടയാളപ്പെടുത്തി രേഖയാക്കാത്തതിനാല് നിര്‍ദ്ദിഷ്ട മേഖലയില്‍ ആയിരക്കണക്കിന് വീടുകളും സാംസ്കാരിക സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.
ഇതുകൂടാതെ ഏറ്റവും കൂടതല്‍ കുടിവെള്ള ലഭ്യതയുള്ള പ്രദേശങ്ങളിലൂടെ ജലപാത കടന്നുപോകുന്നത് ഈ മേഖലയിലെ ജലശ്രോതസ്സുകളെ നശിപ്പിക്കും. അതുകൊണ്ടുതന്നെ പദ്ധതിയുടെ രൂപരേഖ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മാഹി പുഴയില്‍ നിന്നും കടല്‍വഴി വളപട്ടണം പുഴയില്‍ പ്രവേശിക്കുന്ന രീതിയില്‍ ജലപാത ആസൂത്രണം ചെയ്യുകയോ നിലവിലുള്ള എലിത്തോട്, പാത്തിപ്പാലം തലശ്ശേരി പുഴ എന്നിവ വികസിപ്പിച്ച് ഗതാഗത സൗകര്യം ഒരുക്കുകയോ വേണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് നെടുമ്പ്രം പന്ന്യന്നൂര്‍ ദേശവാസികളുടെ കൂട്ടായ്മ ഇന്ന് രാവിലെ 10ന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് കണ്ണൂര്‍ മേഖലാ കാര്യാലയത്തിനു മുന്നില്‍ ധര്‍ണ്ണ നടത്തും.
















