പരപ്പനങ്ങാടി: ഫിഷറീസ് വകുപ്പിന്റെ ഭവന നിര്‍മാണത്തിന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ നിന്ന് വ്യാജരേഖ ചമച്ച വികസന സാമ്പത്തികകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്റെ പേരില്‍ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.
സ്വന്തമായി ഭൂമി പോലുമില്ലാത്ത മത്സ്യതൊഴിലാളിയായ ആനങ്ങാടി സ്വദേശിക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും വ്യാജ സീലും മറ്റും പതിച്ച് സര്‍ട്ടിഫിക്കറ്റ് നല്കിയ കേസിലാണ് പതിനാറാം വാര്‍ഡ് മെമ്പര്‍ കുടിയായ നിസാര്‍ കുന്നുമ്മലിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് സീല്‍ പതിച്ച് വ്യാജരേഖ നിര്‍മിച്ചതിലൂടെ സ്വജനപക്ഷപാതവും അഴിമതിയും ഇയാള്‍ നടത്തിയതായി തെളിഞ്ഞിട്ടുണ്ട് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ നഗ്നമായ സത്യപ്രതിജ്ഞാലംഘനം നടന്നിട്ടുള്ളത്.
വള്ളിക്കുന്ന്പഞ്ചായത്തില് പരക്കെ നിലനില്‍ക്കുന്ന യുഡിഎഫ്-എല്‍ഡിഎഫ് പരസ്പര ധാരണ പ്രകാരമാണ് ഇവിടെ അഴിമതിയും സ്വജനപക്ഷപാതവും അരങ്ങേറുന്നത്. വ്യാജരേഖ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ വ്യക്തി പഞ്ചായത്ത് വൈസ്പ്രസിഡന്റായിരുന്ന 2012-2016 വര്‍ഷങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതും മരാമത്ത് പ്രവൃത്തികളുടെ ധനവിനിയോഗം സംബന്ധിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയടക്കമുള്ള സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ മുന്നണികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയം അഴിമതിക്ക് മറയാവുകയാണ് പരപ്പനങ്ങാടി പോലീസ് പ്രാഥമിക വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റു ചെയ്യുന്നതില്‍ തികഞ്ഞ അലംഭാവമാണ് തുടക്കം മുതല്‍ കാണിക്കുന്നത്.
ഭരണ പ്രതിപക്ഷ സ്വാധീനമുപയോഗിച്ച് കേസ് ദുര്‍ബലപ്പെടുത്താനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. പ്രതി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യമെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും കേസന്വേഷണത്തില്‍ മെല്ലേപ്പൊക്കാണ് ഇതുവരെയുണ്ടായത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതി നിസാര്‍ കുന്നുമ്മലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനപ്രതിഷേധ മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: