കുന്നത്തൂര്‍: കടപുഴയില്‍ മാരകായുധങ്ങളുമായി മദ്യപന്‍ വീട് കയറി ആക്രമിച്ചതായി പരാതി. വെസ്റ്റ് കല്ലട കോയിക്കല്‍ഭാഗം കായവനവീട്ടില്‍ കരുണാകര(58)ന്റെ വീട്ടിലാണ് ആക്രമണം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കോയിക്കല്‍ഭാഗം അജയഭവനത്തില്‍ അജയനെതിരെ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ഇന്നലെ രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയ ശേഷം സൈക്കിളില്‍ മടങ്ങുകയായിരുന്ന കരുണാകരനെ പ്രകോപനം കൂടാതെ മദ്യപിച്ചു ലെക്കുകെട്ട അജയന്‍ കല്ലട വലിയപള്ളിക്ക് സമീപം ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി.
സാരമായി പരിക്കേറ്റ കരുണാകരന്‍ താലൂക്കാശുപത്രയില്‍ ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.ഇതേ സമയം തന്നെ രാവിലെ 10.30ന് ആയുധങ്ങളുമായെത്തിയ അജയന്‍ വധഭീഷണി മുഴക്കിയ ശേഷം കരുണാകരന്റെ വീട്ടിലെ കൃഷി പൂര്‍ണമായും വെട്ടിനശിപ്പിച്ചു.പിന്നീട് രാത്രി ഒന്‍പതോടെ വീണ്ടും കരുണാകരന്റെ വീട്ടിലെത്തിയ അജയന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് വീടിന്റെ ജനലുകളും കതകും തകര്‍ത്തു. മുറ്റത്ത് ഉണ്ടായിരുന്ന മകളുടെ സ്‌കൂട്ടറും സൈക്കിളും ആയുധം ഉപയോഗിച്ച് വെട്ടിനശിപ്പിച്ചു. വീണ്ടും വധഭീഷണി നടത്തിയ ശേഷമാണ്—ഇയാള്‍ മടങ്ങിയതെന്ന് പറയുന്നു.
















