Categories: Special Article

ആഗമാനന്ദസ്വാമി അന്നേ കണ്ടിരുന്നു….

Published by

രാഷ്‌ട്രീയത്തില്‍ എത്തിപ്പെട്ടില്ലെങ്കില്‍ അന്തരിച്ച ഇ. ചന്ദ്രശേഖരന്‍ നായര്‍ ആരാകുമായിരുന്നു? സംന്യാസി, കുറഞ്ഞത് ആര്‍ഷ സംസ്‌കാരത്തിന്റെ പ്രഘോഷകന്‍. അതിന് തെളിവാണ് അദ്ദേഹത്തിന്റെ ‘ഹിന്ദുമതം, ഹിന്ദുത്വം’എന്ന പുസ്തകം. ഉപനിഷത്തുകളുടെ വ്യാഖ്യാനം രചിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു സജീവ രാഷ്‌ട്രീയം വിട്ടശേഷം അദ്ദേഹം. ഇടയ്‌ക്ക് പലരും നിര്‍ബ്ബന്ധിച്ച് ‘മറക്കാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥാ കുറിപ്പു തയാറാക്കാന്‍ തിരിഞ്ഞതിനാല്‍ ആര്‍ഷ സംസ്‌കാര സാഹിത്യത്തിന് അത് നഷ്ടമാവുകയായിരുന്നു.

‘ഹിന്ദുമതം ഹിന്ദുത്വം’ എന്ന രചന മതപ്രഘോഷണമല്ല. സജീവ രാഷ്‌ട്രീയത്തില്‍, പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ പ്രതിബദ്ധ രാഷ്‌ട്രീയത്തില്‍ വിശ്വസിച്ചു നില്‍ക്കുന്ന ഒരാളില്‍നിന്ന് അങ്ങനെ പ്രതീക്ഷിക്കുകവയ്യ. പുസ്തക പ്രകാശകര്‍ വില്‍പ്പനയുടെ തന്ത്രമെന്ന നിലയില്‍ ശൂലവും രക്തവും രുദ്രാക്ഷവുമായി ഹിന്ദുത്വത്തെയും ഹിന്ദുമതത്തെയും പുസ്തകച്ചട്ടയില്‍ പ്രതീകവല്‍ക്കരിച്ചുവെങ്കിലും ഉള്ളടക്കം അങ്ങനെയൊരു പക്ഷപാത എഴുത്തോ അന്ധമായ വിയോജിപ്പോ അല്ല. അതുകൊണ്ടുതന്നെയാണ് രാഷ്‌ട്രീയത്തിലെത്തിയിരുന്നില്ലെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ ആരാകുമായിരുന്നുവെന്ന ചിന്തയ്‌ക്കു പ്രസക്തി.

സംസ്‌കൃതം പഠിപ്പിച്ചു

രാമകൃഷ്ണ-വിവേകാനന്ദ മാര്‍ഗ്ഗങ്ങളുടെ കേരളത്തിലെ പ്രചാരകനായിരുന്ന സ്വാമി ആഗമാനന്ദയും ഇ. ചന്ദ്രശേഖരന്‍ നായരുടെ അച്ഛന്‍ എഴുകോണ്‍ ഇടയിലഴികത്ത് ഈശ്വരപിള്ളയും മദ്രാസ് പ്രസിഡന്‍സി കോളെജില്‍ സഹപാഠികളായിരുന്നു. ആഗമാനന്ദ സ്വാമി പില്‍ക്കാലത്ത് സംന്യാസം സ്വീകരിച്ച് കേരളത്തില്‍ ആശ്രമ സ്ഥാപനത്തിന് പ്രവര്‍ത്തിക്കുമ്പോള്‍ സഹപാഠി വക്കീല്‍ ഈശ്വരപിള്ളയെ കാണാനെത്തി. ആശ്രമ സ്ഥാപനത്തിന് പണപ്പിരിവായിരുന്നു ലക്ഷ്യം. അവിടെ കണ്ട കൊച്ചു കുട്ടി ചന്ദ്രശേഖരനോട് കുശലം ചോദിച്ച്, പോകുമ്പോള്‍ മകനെ സംസ്‌കൃതം പഠിപ്പിക്കണമെന്ന് വക്കീലിനോട് സ്വാമി നിര്‍ദ്ദേശിച്ചു. കൂട്ടുകാരന്റെ ഇംഗിതം അറിഞ്ഞ ഈശ്വരപിള്ള മകന്‍ ചന്ദ്രശേഖരനെ സംസ്‌കൃതം പഠിപ്പിച്ചു. സ്‌കൂളില്‍ മാത്രമല്ല, പ്രത്യേകം സംസ്‌കൃതം പഠിപ്പിക്കാന്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാടിനെ ചുമതലപ്പെടുത്തി. ഡിഗ്രി പഠനത്തിന് നാടുവിട്ട് ചങ്ങനാശേരി എസ്‌ബി കോളെജില്‍ എത്തുംവരെ സംസ്‌കൃതം പഠിച്ചു. ഗ്രന്ഥങ്ങള്‍ വായിക്കാനും വ്യാഖ്യാനിക്കാനും പോലും.
പഠനവും അദ്ധ്യാപകവൃത്തിയും നടത്തിയശേഷം ഇരുപത്തിനാലാം വയസില്‍ ചന്ദ്രശേഖരന്‍ നായര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായി. അത് അന്നത്തെ സാമൂഹ്യ സാഹചര്യം. അച്ഛന്‍ ശ്രീമൂലം അസംബ്ലിയിലും ശ്രീചിത്രാ സ്റ്റേറ്റ് അസംബ്ലിയിലും തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. മകന്‍ രാഷ്‌ട്രീയത്തിലെത്തിയത് സ്വാഭാവികം. 1952 ലായിരുന്നു അത്. അന്ന് ഇടതുരാഷ്‌ട്രീയമായത് അതിലേറെ സ്വാഭാവികം. പക്ഷേ, സംസ്‌കൃതവും വായനയും കൈവിട്ടില്ല. വേദവും ഇതിഹാസവും പുരാണവും പറയുന്ന ഹിന്ദുത്വമെന്താണെന്നും ഹിന്ദുമതമെന്താണെന്നും ഇതില്‍ വിശകലനം ചെയ്യുന്നു.

രാമകൃഷ്ണാശ്രമ സഹകരണം

പിന്നീട് ഉപനിഷത്തുകളുടെ വ്യാഖ്യാന വിശകലനത്തിനുള്ള പ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. ഈ സംരംഭങ്ങളില്‍ മറ്റൊരാളുടെ വ്യാഖ്യാനമോ വിശകലനമോ ആധാരമാക്കി പണ്ഡിതര്‍ ചമയുന്ന ചിലരുടെ വളഞ്ഞ വഴി അദ്ദേഹം സ്വീകരിച്ചില്ല. മൂലഗ്രന്ഥങ്ങള്‍ കണ്ടെത്തി, കിട്ടാത്തവ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ സഹായത്തോടെ വരുത്തി പഠിച്ചുതന്നെ എഴുതി. എഴുത്തല്ല, കേട്ടെഴുത്താണ്, അതിന് സംസ്‌കൃതം പഠിച്ചിട്ടുള്ള ചില വിദ്യാര്‍ത്ഥികളുടെ സഹായം തേടി. പാര്‍ട്ടി സാഹിത്യമെഴുത്തുകാര്‍ പോരെന്ന് സഖാവ് നിര്‍ദ്ദേശിച്ചിരുന്നു.

”മനുഷ്യ വംശം ഇതുവരെ ആര്‍ജ്ജിച്ച മുഴുവന്‍ നല്ല ഗുണങ്ങളും സ്വാംശീകരിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്” എന്ന് വിശ്വസിച്ചിരുന്നയാളാണ് ചന്ദ്ര ശേഖരന്‍ നായര്‍. ഈ കാഴ്ചപ്പാട് സസൂക്ഷ്മം വീക്ഷിച്ചാല്‍ കാണാന്‍ കഴിയുന്നത് ഉപനിഷത്തിലാണെന്നും അദ്ദേഹം കരുതി. അങ്ങനെയാണ് ഉപനിഷത്തിന് ഈ കാഴ്ചപ്പാടില്‍ വ്യാഖ്യാനം ചമയ്‌ക്കാന്‍ തുടങ്ങിയത്.

എന്‍. ഇ. ബാലറാമിന്റെ വഴിയില്‍

കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ എന്‍.ഇ. ബാല്‍റാമായിരുന്നു ചന്ദ്രശേഖരന്‍ നായരുടെ വായനവഴിയിലെ ഗുരു. സ്വാമി ചിന്മയാനന്ദനും ഭഗവദ് ഗീതയും ബാലറാമിന്റെ ജീവിതത്തെയും ചിന്തയേയും എത്ര സ്വാധീനിച്ചിരുന്നുവെന്നത് പ്രസിദ്ധമാണ്. ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറുമായിരിന്നു ബാലറാമിന്റെ വിഷയം ഭഗവദ് ഗീതയായിരുന്നു. ഭാരതീയ തത്ത്വശാസ്ത്രത്തെയും പൈതൃകത്തേയും കുറിച്ചുള്ള ബാലറാമിന്റെ കുറിപ്പുകള്‍ ഏറെയുണ്ടായിരുന്നു. പ്രത്യയ ശാസ്ത്ര-രാഷ്‌ട്രീയ ചായ്‌വുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവ മുതല്‍ക്കൂട്ടാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിന്ന ബാലറാമും ചന്ദ്രശേഖരന്‍ നായരുമൊക്കെ ഭാരത പൈതൃകം തിരിച്ചറിയാന്‍ വായിച്ച്, എഴുതിയവരാണ്.

അങ്ങനെ അതില്‍നിന്നുള്‍ക്കൊണ്ട വികസന ദര്‍ശനമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ക്ക്. വികസനം മനുഷ്യനു വേണ്ടിയാകണമെന്ന കാഴ്ചപ്പാടായിരുന്നു എന്നും. വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോള്‍ പ്രകടിപ്പിച്ച പ്രാഗത്ഭ്യത്തിനെല്ലാം ഈ അടിത്തറയുണ്ടായിരുന്നു. സഹകരണ മേഖലയെ ഇന്നത്തെ നിലയില്‍ എത്തിച്ചത് അദ്ദേഹം സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ കൈക്കൊണ്ട നടപടിയാണ്. അരലക്ഷം ശരാശരി നിക്ഷേപത്തില്‍നിന്ന് നിക്ഷേപ സമാഹരണത്തിലൂടെ ബാങ്കൊന്നിന് 40 കോടിഎന്ന ഇന്നത്തെ ശരാശരിലെത്തിയത് ‘ചില സാമ്പത്തിക ചികിത്സകര്‍’ അവകാശപ്പെടുന്നതുപോലെ അവരുടെ നയംവഴിയല്ലെന്നത് ചരിത്രം.

കമ്മ്യൂണിസ്റ്റിന്റെ മാവേലി

സിവില്‍ സപ്ലൈസ് വകുപ്പ് ചുമതലയിലിരിക്കെ ചന്ദ്രശേഖരന്‍ നായര്‍ ഉത്സവകാല വില്‍പ്പനച്ചന്തകള്‍ക്ക് മാവേലി സ്‌റ്റോറുകള്‍ എന്നാണ് പേരിട്ടത്. കമ്മ്യൂണിസ്റ്റുകാരന്റെ ആ ”മാവേലി” കേരളത്തിന്റെ മിത്തുകൂടി ഉള്‍പ്പെട്ടാണ് രൂപപ്പെട്ടതെന്നതിനു പിന്നിലുമുണ്ടല്ലോ ഒരു യുക്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts