പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന തോട്ടങ്ങളിലെ ഓരോ മരത്തിനുമറിയാം തന്റെ വിള പാഴാകില്ലെന്ന്. കാരണം തോട്ടത്തിലെ ഓരോ ചെടിക്കുമുറപ്പുണ്ട്, അവര്‍ വിളവ് നല്കിയാല് അത് ഇന്നാട്ടിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത്താണിയാവുമെന്ന്’. അതിനാല്‍ത്തന്നെ വിളകള്‍ ഇന്ന് വരെ ചതിച്ച ചരിത്രം സായിറാം ഭട്ടിന്റെ തോട്ടങ്ങളില്‍ ഉണ്ടായിട്ടില്ല. സ്വന്തം വീടെന്ന സങ്കല്‍പ്പം മനസ്സിന്റെ സ്വപ്നമായി അവശേഷിക്കുന്നവര്‍ക്ക് കാരുണ്യത്തിന്റെ ആള് രൂപമായി മാറുകയാണ് സായിറാം ഭട്ടെന്ന ഗോപാലകൃഷ്ണ ഭട്ട്. എണ്‍പതിന്റെ അവശതകളൊന്നും അദ്ദേഹത്തിന്റെ ജീവകരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സ്വാര്‍ത്ഥ ചിന്തകളോടെയും പ്രശസ്തരാവണമെന്ന മോഹങ്ങളോടെയും പണം ചെലവഴിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക സമൂഹത്തില്‍ സായിറാമിന്റെ പ്രവര്‍ത്തനങ്ങളെ അളക്കാന്‍ യാതൊരു ഉപകരണത്തിനും ആകില്ല.
എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് അന്വേഷിക്കുന്നതിന് പകരം എന്തൊക്കെയല്ല സായിറാം എന്ന് അന്വേഷിക്കുന്നതായിരിക്കും നല്ലത്. സ്കൂള്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങി നല്കി 1968ല്‍ ആരംഭിച്ച സാമൂഹ്യ പ്രവര്‍ത്തനം ഇന്ന് ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിര്‍മ്മിച്ച് നല്കുന്ന ഭവന പദ്ധതി, മെഡിക്കല്‍ ക്യാമ്പ്, കുടിവെള്ള പദ്ധതി, നിര്‍ധന സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍ തുടങ്ങി വൈവിധ്യങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പടര്‍ന്ന് പന്തലിച്ച് നില്ക്കുന്നു.
1995 ല്‍ കാലവര്‍ഷം തിമര്‍ത്താടിയ ദിവസങ്ങളി ലെ സായംസന്ധ്യയില്‍ കിളിങ്കാറിലെ വീട്ടില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ഉജംപാദവ് സ്വദേശിയെ ഭട്ട് കൃത്യമായി ഓര്‍മ്മിക്കുന്നു. അവിടെ നിന്നാണ് സായിറാമിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വടവൃക്ഷം പടര്‍ന്ന് പന്തലിക്കുന്നത്.
കുണ്ട്യാന എന്ന, നടുമനയിലെ പാവം കര്ഷകന് കാറ്റില്‍ പറന്നുപോയ വീടിന്റെ മേല്‍ക്കൂര പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങിന് കഷണങ്ങളും തേടി സ്വാമിയുടെ സായിനിലയത്തിന്റെ പടിക്കലെത്തി. ”കാറ്റ് അടുത്ത കര്‍ക്കടകത്തിലും ആഞ്ഞുവീശിയാലോ കുണ്ട്യാനേ” എന്ന സ്വാമിയുടെ ചോദ്യത്തിനുമുന്നില്‍ കര്ഷകന് ഉത്തരംമുട്ടി. ”ശരി, നിനക്ക് ഞാനൊരു വീട് ഉണ്ടാക്കിത്തരാം” എന്നായി സ്വാമി. സര്‍ക്കാര്‍ ഭവന പദ്ധതികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബദിയടുക്കയില്‍ സ്വന്തം ചിലവില്‍ ഭവന പദ്ധതികള്‍ക്ക് സായിറാം അങ്ങനെ തുടക്കം കുറിച്ചു.(ആ പ്രദേശത്ത് പലരും ഭട്ടിനെ സ്വാമിയെന്നും വിളിക്കുന്നു)
മഴ വന്നാലും വെയിലായാലും ഭീതി കൂടാതെ തനിക്കും കുടുംബത്തിനും ഉറങ്ങാനാവുന്നില്ലെന്നായിരുന്നു ഉജംപദവ് സ്വദേശിയുടെ സങ്കടം. ചോര്‍ന്നൊലിക്കുന്ന കൂരയില്‍ ഇനിയും തലചായ്ച്ചുറങ്ങാന്‍ കഴിയില്ല, സ്വാമി സഹായിക്കണം ആ വ്യക്തി അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ കണ്ണീര്‍ക്കഥ അധികനേരം കേട്ടുനില്ക്കാന് സായിറാം ഭട്ടിനായില്ല. പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് നല്കി അദ്ദേഹത്തെ പറഞ്ഞയച്ചു. മനസില്‍ വിരിഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ സായിറാം ഭട്ട് വീട്ടിനകത്തേക്ക് പോയി. കാശിക്ക് തീര്‍ത്ഥാടനത്തിന് പോവണമെന്ന ആശയാല്‍ സ്വരൂപിച്ച് വെച്ച തുകയുണ്ടായിരുന്നു 45,000 രൂപ. ആ തുക കൊണ്ട് വീട് നിര്‍മ്മിച്ചാണ് ഭവന പദ്ധതികള്‍ക്ക് തുടക്കമിട്ടത്. ആദ്യകാലങ്ങളില്‍ ഭൂമിയും വീടും നല്‍കിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍, ഭൂമി നല്‍കുന്നതോടെ വീട് മാത്രം സായിറാം നിര്‍മ്മിച്ച് നല്കുന്നു.
സുരക്ഷിതത്വത്തിന്റെ ചുമരുകളും മേല്‍ക്കൂരകളും കൊണ്ട് അഭയം നല്കിയ ആ ഉത്തമ മനുഷ്യനെ അവര്‍ എല്ലായ്പ്പോഴും ഓര്‍ക്കുന്നുണ്ടാവും. ഇന്ന് ഒരു വീടിന് 2,20,000രൂപ വരെയെത്തി നില്ക്കുന്നു നിര്‍മ്മാണച്ചെലവെന്ന് അദ്ദേഹം പറയുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറുന്നതോടെ താനും ആ വീടുമായുള്ള ബന്ധം അവസാനിച്ചുവെന്ന് ഭട്ട് മനസ്സ് തുറന്നു. ആദ്യകാലങ്ങളില്‍ ഓട് മേഞ്ഞ വീടുകളാണെങ്കില്‍ ഇന്ന് കോണ്‍ക്രീറ്റ് വീടാണ് നിര്‍മ്മിച്ച് നല്‍കുന്നത്.
സ്വന്തം കൈകൊണ്ട് വീടിന്റെ താക്കോല്‍ ഉടമസ്ഥന് കൈമാറില്ല എന്ന ചിട്ടയുണ്ട്. ”നമ്മ കൈകൊണ്ട് കൊടുത്താല്‍ അത് കടപ്പാട് പോലാകും. ഉടമസ്ഥന് വീട്ടില്‍ പാര്‍ക്കുമ്പോഴും എന്നോടുള്ള എന്തോ കടപ്പാട് അയാളുടെ മനസ്സിലുണ്ടാകും. അത് പാടില്ല, വീട് നിര്‍മിച്ചു നല്കിയാല് ഞാനും അയാളും തമ്മില്‍ യാതൊരു ബന്ധവുമില്ല…”ഇതാണ് സ്വാമിയുടെ ന്യായം. ദാനശാസ്ത്രം അങ്ങനെ പറയുന്നു എന്നൊരു ആത്മീയ കാഴ്ച്ചപ്പാടും കൂടി വിവരിക്കുന്നു അദ്ദേഹം. ദുരിതം പേറുന്ന ജീവിതങ്ങളുടെ കണ്ണീരുകൊണ്ട് കിളിങ്കാറിന്റെ മണ്ണ് പിന്നെയും നനഞ്ഞ് കൊണ്ടിരുന്നു. ഒന്നിനെയും നോവിക്കാതെ പതിയെ നടന്ന് അരികിലെത്തി സായിറാം ഭട്ട് സംസാരിച്ച് തുടങ്ങുമ്പോഴേക്കും തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രത്യാശ അവര്‍ക്കൊക്കെയുണ്ടായി. അദ്ദേഹത്തിന്റെ നേര്‍ത്ത പുഞ്ചിരിയില്‍, ഹൃദയം തുറന്നുള്ള സംസാരത്തില്‍ എല്ലാം കാരുണ്യത്തിന്റെ നനവുള്ളതായി പലര്‍ക്കും അനുഭവപ്പെട്ടു.
സമ്പാദിച്ചതൊക്കെ ഇങ്ങനെയെന്തിന് ദാനം ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അവരോടൊക്കെ സ്വാമി ചിരിതൂകി വളരെ ലളിതമായി ഉത്തരം പറയും. ‘മരിക്കുമ്പോള്‍ ഒന്നും കൊണ്ടു പോകുന്നില്ലല്ലോ’ എന്ന്. ഒന്നും രണ്ടുമല്ല, 245 കുടുംബങ്ങളാണ് ഇന്ന് സ്വാമി നിര്‍മ്മിച്ചു നല്കിയ വീടുകളില്‍ സുഖമായി കഴിയുന്നത്. പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് കുടിവെള്ള പദ്ധതിയും ഒരുക്കി നല്കി. അങ്ങനെ ജീവകാരുണ്യ രംഗത്ത് വലിയൊരു തണല്മരമായാണ് സായിറാം ഭട്ട് നില കൊള്ളുന്നത്. ചിലര്‍ക്ക് ഓട്ടോറിക്ഷകള്‍ നല്കി. എന്നാല്‍ ഓട്ടോറിക്ഷകള്‍ താനറിയാതെ വില്ക്കാന് തുടങ്ങിയതോടെ അത് നിര്‍ത്തിയെന്ന് വേദനയോടെ അദ്ദേഹം പറഞ്ഞു.
മതവും ജാതിയും ദേശവുമൊക്കെ അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തെല്ലും തടസ്സമാവാറില്ല. സഹായം തേടിയെത്തുന്നവര്‍ക്ക് സഹോദരനെന്ന പരിഗണന നല്കി സേവനം ചെയ്യും. ആവശ്യത്തിന് വേണ്ട സൗകര്യങ്ങളൊരുക്കിയായിരിക്കും സ്വാമി വീട് നിര്‍മ്മിച്ചു നല്‍കുക. രണ്ടു മുറികളും അടുക്കളയും അടങ്ങുന്ന കൊച്ചുവീടുകള്‍. അകത്തെ ചുവര് തേച്ചും പുറത്ത് തേക്കാതെയും തറയില്‍ കാവിയിട്ടുമാവും വീടുകള്‍ നല്‍കുക.
തന്നെത്തേടിയെത്തുന്നവര്‍ സഹായത്തിന് അര്‍ഹരാണോയെന്ന് അന്വേഷിച്ചറിയും. അതിന് ശേഷമായിരിക്കും ആവശ്യമായത് ചെയ്തുകൊടുക്കുക. സങ്കടം അഭിനയിച്ച് സഹായം അഭ്യര്‍ത്ഥിച്ചെത്തുന്നവരെ ഇങ്ങനെ കണ്ടെത്തിയിട്ടുമുണ്ട്.
കര്‍ണാടക വിട്ലയിലെ നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്കിയ ഒരു വീടൊഴിച്ചാല്‍ ബാക്കിയുള്ള 244 വീടുകളും കാസര്‍കോട്ടാണ്. ഇതില്‍ ബഹുഭൂരിഭാഗം വീടുകളും സ്വന്തം തട്ടകമായ ബദിയടുക്കയിലും. പുത്തിഗെ, പൈവളിഗെ, മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ തുടങ്ങിയ ഇടങ്ങളിലും സായിറാം സ്പര്‍ശമുള്ള കാരുണ്യഭവനങ്ങളുണ്ട്. നേരത്തെ നാല് സെന്റ് ഭൂമി വാങ്ങി വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു പതിവ്. ഇന്ന് ചുരുങ്ങിയത് മൂന്ന് സെന്റെങ്കിലും ഭൂമിയുള്ളവര്ക്കെ വീടൊരുക്കാന്‍ സഹായം നല്‍കുന്നുള്ളൂ. ജോലിയെടുക്കാന്‍ കഴിവുള്ള പുരുഷന്മാരുള്ള കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കാറില്ല. കിടപ്പ് രോഗികള്‍ക്കും ജോലി ചെയ്യാന്‍ പ്രാപ്തിയില്ലാത്തവര്ക്കുമാണ് വീടെന്ന സ്വപ്നം പൂര്‍ത്തീകരിച്ച് നല്‍കുക. വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി പ്രത്യേക ജോലിക്കാര്‍ തന്നെയുണ്ട്.
നിര്‍ധന കുടുംബങ്ങളിലെ തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് ഉപജീവന മാര്‍ഗ്ഗവും സ്വാമി ഒരുക്കുന്നു. ബദിയടുക്കയിലും പരിസരങ്ങളിലുമായി കുഴല്‍ കിണറുകള്‍ സ്ഥാപിച്ച് നിരവധി കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യവും ഒരുക്കി യിട്ടുണ്ട്. കിളിങ്കാറിലെ വീടിന് സമീപത്തായുള്ള സായി മന്ദിരം ഹാളില്‍ എല്ലാ ശനിയാഴ്ചയും സൗജന്യ ചികിത്സാ ക്യാമ്പും നടത്തുന്നു. 1996ലാണ് ഇത് ആരംഭിച്ചത്. സൗജന്യമായി മരുന്നുകളും നല്‍കുന്നണ്ട്. സായിറാം ഭട്ട് മുന്‍കൈയെടുത്ത് രണ്ടു തവണ സംഘടിപ്പിച്ച സമൂഹ വിവാഹത്തിലൂടെ നിര്‍ധന കുടുംബങ്ങളിലെ നിരവധി യുവതികള്‍ക്ക് മംഗല്യഭാഗ്യവും ലഭിച്ചു.
പാരമ്പര്യ വൈദ്യത്തില്‍ ജ്യോതിഷം ഉപയോഗിക്കുന്ന രീതിയും ഇദ്ദേഹത്തിന് വശമുണ്ട്. ആയുര്‍വേദത്തിലെ മന്ത്രൗഷധങ്ങളെക്കുറിച്ചും വലിയ അറിവുണ്ട്. ആയുര്‍വേദ ചികിത്സയ്ക്കും പ്രശ്ന പരിഹാരത്തിനും തേടിയെത്തുന്നവര്‍ അറിഞ്ഞ് നല്കുന്ന തുകയാണ് വരുമാനമാര്‍ഗം. വീടിനും പരിസരത്തുമായി പരന്ന കിടക്കുന്ന 15 ഏക്കറിലുള്ള കവുങ്ങ്, തെങ്ങ്, കൊക്കോ, കശുമാവ്, പച്ചക്കറി തുടങ്ങിയ കൃഷികളില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നല്ലൊരു ഭാഗവും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു. പച്ചക്കറികളില്‍ മിച്ചം വരുന്നത് എല്ലാ ബുധനാഴ്ചയും പുറത്തുള്ളവര്‍ക്കായി വില്‍പ്പന നടത്തും.
1937 ല്‍ കിളിങ്കാര്‍ ദേവമൂര്‍ത്തി കൃഷ്ണഭട്ടിന്റെയും, സുബ്ബമ്മയുടേയും മകനായി ജനിച്ച ഗോപാലകൃഷ്ണഭട്ട് 11 മുതല്‍ 16 വയസു വരെ വീടീല്ലാത്തവന്റെ ദു:ഖവും, കഷ്ടപ്പാടും നേരിട്ട് അനുഭവിച്ചതാണ്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോപാല കൃഷ്ണ ഭട്ട് സായി ബാബ ഭക്തനാണ്. കടുത്ത സായി ഭക്തി ഗോപാലകൃഷ്ണഭട്ടിനെ സായിറം ഭട്ടാക്കി. നിരവധി തവണ പുട്ടപര്‍ത്തി സന്ദര്‍ശിച്ച് ബാബയുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്. തന്റെ അച്ഛനോടൊപ്പം ചെറുപ്പം മുതലെ കര്‍ഷക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. കുടുംബത്തിലെ സാമ്പത്തിക ബാധ്യത മൂലം ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് ആയുര്‍വേദം പഠിച്ച ഭട്ട് തുളുനാടന്‍ ശൈലിയും, കടത്തനാട്ടെ കൈപ്പയറ്റ് മെയ്പ്പയറ്റ് തുടങ്ങിയ കളരിമുറകളിലും, ഗുസ്തിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
പുരസ്കാരങ്ങള്‍ക്ക് പിന്നാലെ ഓടാത്തതിനാല്‍ ഭട്ടിനെ തേടി വലിയ അംഗീകാരങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ നിരവധി സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ശാരദയാണ് ഭാര്യ. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് മകനാണ്. പിതാവിന്റെ പാത പിന്തുടര്ന്ന് മകനും കാരുണ്യ രംഗത്ത് സജീവമാണ്. വാസന്തിയും ശ്യാമളയുമണ് മറ്റു മക്കള്‍. കര്‍ണ്ണാടകയില്‍ ഉന്നത ഉദ്യോഗത്തിലുള്ള പേരമക്കളും ശമ്പളത്തില്‍ നിന്നുള്ള നല്ലൊരു വിഹിതം മുത്തച്ഛന്റെ മാതൃകാ പ്രവൃത്തിക്കായി ചെലവഴിക്കും. ഒറ്റമുണ്ടും, തൂവെള്ള ഷര്‍ട്ടും ധരിച്ച് സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ മണ്ണില്‍ കാരുണ്യത്തിന്റെ സ്വാന്തന സ്പര്‍ശവുമായി ഇതൊന്നും താനല്ല ചെയ്തതെന്ന മട്ടില്‍ നടന്നകലുകയാണ് സായിറാം.
നടക്കാതെ പോയ കൂടിക്കാഴ്ച
സായിറാം ഒരു ഉപകാരം ചെയ്യണം. വീട്ടില്‍ വരുന്നവരോട് മാവ്, പ്ലാവ്, പപ്പായ ഇവ മൂന്നും വീട്ടില്‍ നട്ട് വളര്‍ത്താന്‍ പറയണം. ഇത് സായിറാമിനോട് പറഞ്ഞത് മറ്റാരുമല്ല മിസൈല്‍മാനായ ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍കലാമായിരുന്നു. കലാം അതിന് പറഞ്ഞ ന്യായം ഇതാണ്. ഒരു കുടുംബത്തില്‍ രാവിലെ ചക്കയുടെ ആഹാരം ഉണ്ടാക്കിയാല്‍ ഉച്ചയ്ക്കും അത് കഴിക്കാം. നല്ല വിറ്റാമിന്‍ അടങ്ങിയതാണ് ചക്ക. ഒരു വലിയ പപ്പായ ഉണ്ടെങ്കില്‍ രാത്രി ഭക്ഷണമായി. നിരന്തരമായി ഫോണില്‍ സായിറാമുമായി സംസാരിച്ചിരുന്ന കലാം നേരില്‍ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിട പറഞ്ഞത്. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ വന്ന സായിറാമിനെ കുറിച്ചുള്ള എഴുത്തുകളിലൂടെയാണ് സായിറാമുമായി കലാം ബന്ധമാരംഭിക്കുന്നത്. കലാമിന്റെ വാക്കുകള്‍ ഇന്നും അക്ഷരം പ്രതി പാലിക്കുകയാണ് സായിറാം.
ചിത്രം: വിനയകുമാര്‍ കാസര്‍കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: