രാവിലെ 10.20ന് ചോര്‍ച്ച കണ്ടു , ഉച്ചയ്‌ക്ക് 12ന് പരിഹാരമായി
ആലപ്പുഴ: അമ്പലമുകള്‍ ബിപിസിഎല്ലില്‍ നിന്നും പാചകവാതകവുമായി പാരിപ്പള്ളിയിലെ ഗ്യാസ് ഫില്ലിംഗ് പ്ലാന്റിലേക്ക് പോവുകയായിരുന്ന എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറിയിലുണ്ടായ ‘ചോര്‍ച്ച’ ഒരു മണിക്കൂര്‍ കൊണ്ട് പരിഹരിച്ച് രാസദുരന്തനിവാരണത്തില്‍ ജില്ലാഭരണകൂടത്തിന്റെ ശേഷി തെളിയിച്ചു. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വയലാറില്‍ ദേശീയപാതയിലാണ് പാചകവാതക ചോര്‍ച്ചയുണ്ടായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചത്.
രാവിലെ 10.20നാണ് ദേശീയ പാതയിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ വയലാര്‍ കവലയ്‌ക്കും തങ്കി കവലയ്‌ക്കുമിടയില്‍ വച്ച് 18 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ടാങ്കര്‍ ലോറിയില്‍ വാതക ചോര്‍ച്ചയുണ്ടായ് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുന്നത്. ലഭിച്ച വിവരം പോലീസ് ഉടന്‍ കളക്ടറേറ്റ് കണ്‍ട്രോള്‍റൂമില്‍ അറിയിച്ചു. ചേര്‍ത്തല പോലീസ് സംഘം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
കളക്‌ടേറ്റില്‍ കണ്‍ട്രോള്‍ റും തുറന്നു
കളക്ടറേറ്റിലും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിലും കണ്‍ട്രോള്‍ റൂം തുറന്നു. നൂറനാട് കേന്ദ്രത്തില്‍ നിന്നെത്തിയ ഐറ്റിബിപി സേനയും ഗതാഗത നിയന്ത്രിക്കുന്നതില്‍ പോലീസിനോടൊപ്പം ചേര്‍ന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വ്വീസസിന്റെ ചേര്‍ത്തല ആലപ്പുഴ യൂണിറ്റുകളില്‍ നിന്നെത്തിയ ഫയര്‍ എന്‍ജിനുകള്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്ത് ടാങ്കറിനു മേല്‍ ബാഷ്പീകരണവും നീരാവി പടലവും ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കി. അപകടസ്ഥലത്തെ കടകള്‍ പോലീസ് അടപ്പിച്ചു. ദുരന്തം ബാധിച്ചേക്കാവുന്ന ദൂര പരിധിയിലുള്ള വീടുകള്‍, സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, എക്‌സ്ട്രാ വീവ് കമ്പനി എന്നിവിടങ്ങളില്‍ ഒരുക്കിയ താല്‍ക്കാലിക സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കെഎസ്ആര്‍ടിസുടെ രണ്ട് ബസും ബിഷപ്പ് മൂര്‍ സ്‌കൂള്‍ വാഹനവും ഇതിനായി ഉപയോഗിച്ചു.
മൊബൈല്‍ ഫോണുകളില്‍
അറിയിപ്പുകള്‍
വയലാര്‍ മൊബൈല്‍ ടവറിന്റെ പരിധിയില്‍ വരുന്ന ഫോണുകളില്‍ പാചകവാതക ചോര്‍ച്ച സംബന്ധിച്ച് ബിഎസ്എന്‍എല്‍. അറിയിപ്പ് നല്‍കി. വാതകചോര്‍ച്ച സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും, സമീപ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കിയിരുന്നു.
മലിനീകരണനിയന്ത്രണ ബോര്‍ഡിലെ പരിസ്ഥിതി എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരടങ്ങുന്ന സംഘം ഡ്രാഗര്‍ ട്യൂബ് ഉപയോഗിച്ച് അന്തരീക്ഷ വായുവിലെ ഓക്‌സിജന്റെ അളവിനുണ്ടാകുന്ന മാറ്റം നിരീക്ഷിച്ചു. അപകടം സംഭവിച്ച ടാങ്കറിലെ ഗ്യാസ് പാരിപ്പള്ളി ഐഒസിയില്‍ നിന്നെത്തിയ കാലി ടാങ്കറിലേക്ക് ഇരുമ്പനം എച്ച്പിസിയില്‍ നിന്നെത്തിച്ച എമര്‍ജന്‍സി റെസ്‌ക്യൂ വാഹനം ഉപയോഗിച്ച് നിറച്ചു.
തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉച്ചയ്‌ക്ക് 12ന് അപകടഘട്ടം നീങ്ങിയതായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
















