ചങ്ങനാശ്ശേരി: ഊര്‍ജ്ജ ലാഭം ലക്ഷ്യമിട്ട് വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് എല്‍ഇഡി ബള്‍ബ് വിതരണം ചെയ്യാന്‍ കേന്ദ്രം ആവിഷ്‌ക്കരിച്ച പദ്ധതിയായ ഉജാല യോജന അട്ടിമറിക്കപ്പെടുന്നു.
2015 മെയ് 1 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതാണ് ഈ പദ്ധതി.
എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് വരെ വിതരണത്തിനെത്തിച്ച ബള്‍ബ് കെഎസ്ഇബി ഓഫീസുകളില്‍ കെട്ടികിടക്കുകയാണ്. 180 രൂപ വിലയുള്ള ബള്‍ബ് 65 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. ഇതുവരെ കേരളത്തിന് 1,47,76890 ബള്‍ബുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. ഇതില്‍ പകുതി പോലും ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തിട്ടില്ല.
കെഎസ്ഇബിയില്‍ മേധാവിത്വമുള്ള ഇടതുപക്ഷ യൂണിയനുകളില്‍പ്പെട്ട ജീവനക്കാരാണ് പദ്ധതി അട്ടിമറിക്കുന്നതെന്നാണ് ആക്ഷേപം. ബള്‍ബുകള്‍ വലിയ തോതില്‍ എത്തുന്നുണ്ടെന്ന് കെഎസ്ഇബി അധികൃതരും സമ്മതിക്കുന്നു. എന്നാല്‍ യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ കെഎസ്ഇബിയുടെ സ്റ്റോറുകളില്‍ സ്ഥലം പോലുമില്ലാത്ത അവസ്ഥയാണ്. പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നല്‍കാനും വൈദ്യുതി ബോര്‍ഡ് തയ്യാറായിട്ടില്ല.
വൈദ്യുതിയില്‍ ഗണ്യമായ ലാഭമാണ് എല്‍ഇഡി ഉപയോഗത്തിലൂടെ ലഭിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ബില്‍ അടച്ചതിനു ശേഷം ഓഫീസില്‍ ബില്‍ നല്‍കിയാല്‍ ബള്‍ബ് നല്‍കണമെന്നാണ് വ്യവസ്ഥ.എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ ബള്‍ബ് സ്റ്റോക്കില്ലെന്നാണ് മിക്കപ്പോഴും ഉപഭോക്താക്കളോട് പറയുന്നത്.
ഊര്‍ജ്ജ സംരക്ഷണത്തിന്‍ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു ബ്രഹത് പദ്ധതികൂടി സംസ്ഥാന സര്‍ക്കാരിന്റെ അന്ധമായ രാഷ്‌ട്രീയം മൂലം ജനങ്ങള്‍ക്ക് നഷ്ടമാകുന്നു. ഇടതുപക്ഷ യൂണിയനെ ഉപയോഗിച്ചാണ് ഈ അട്ടമറിയെന്നതും ശ്രദ്ധേയമാണ്.
മാത്രമല്ല കേന്ദ്ര പദ്ധതിയെ സംസ്ഥാന പദ്ധതിയായി ചിത്രീകരിക്കുന്ന നയം തന്നെയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നത്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയെ കെഎസ്ഇബിയുടെ വെബ് സൈറ്റില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ പദ്ധതിയായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
















