കണ്ണൂര്‍: ആരോഗ്യ രംഗത്ത് വലിയ തോതിലുള്ള ബോധവല്‍ക്കരണം ആവശ്യമാണെന്നാണ് ജില്ലയിലെ സമീപകാല സംഭവങ്ങള്‍ നല്‍കുന്ന സന്ദേശമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭി്രപായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഒരു അങ്കണവാടി ജീവനക്കാരിക്ക് എച്ച്‌ഐവി ബാധയുണ്ടെന്ന പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള ഒരു ജനതക്ക് ഭൂഷണമായ കാര്യങ്ങളല്ല. സാമീപ്യം കൊണ്ട് പകരുന്നതല്ല എയ്ഡ്‌സ് എന്ന കാര്യം നാം ഓര്‍ക്കണം. എച്ച്‌ഐവി ബാധയുണ്ടായാല്‍ തന്നെ അത്തരം രോഗികളെ ഒറ്റപ്പെടുത്തുന്ന മനോഭാവം ശരിയല്ല. അവര്‍ക്ക് ശരിയായ ചികിത്സയും സമൂഹത്തില്‍ ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യവും ഉറപ്പാക്കുകയാണ് ആധുനിക സമൂഹം ചെയ്യേണ്ടത്. അങ്കണവാടിയുടെ പ്രവര്‍ത്തനം നടക്കുകയും രോഗബാധിതയെന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാരിക്ക് ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം. ഇതിനായി ഈ അങ്കണവാടിയില്‍ അധികമായി ഒരു ജീവനക്കാരിയെ കൂടി നല്‍കാനാണ് ആലോചിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
















