തലശ്ശേരി: ഉള്‍നാടന്‍ ദേശിയ ജലപാതക്കായി മയ്യഴി മുതല്‍ എരഞ്ഞോളി പാലം വരെ നിര്‍മ്മിക്കാന്‍ തീരുമാനിച്ച കൃത്രിമ കനാല്‍ പദ്ധതി വാശിയോടെ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ദേശവാസികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും ഇതിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഇവിടത്തെ സാധാരണക്കാരുടെ പ്രശ്നത്തോട് നിരുത്തരവാദ പരമായാണ് പെരുമാറുന്നത്. ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന വഴിയിലൂടെ കൃത്രിമ കനാല്‍ പണിയുകയാണെങ്കില്‍ ആയിരത്തില്‍പരം വീടുകളും 200ല്‍ ഏറെ കച്ചവട സ്ഥാപനങ്ങളും അന്‍പതോളം വായനശാലകളും ക്ലബ്ബുകളും ഇല്ലാതാവും. അതിനാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി നിര്‍ദ്ദിഷ്ട രൂപരേഖയില്‍ അടിയന്തിരമായി മാറ്റം വരുത്തണം.നാശനഷ്ടങ്ങള്‍ ഇല്ലാതിരിക്കുന്ന പുതിയ വഴി കണ്ടെത്തണം. ഇക്കാര്യത്തില്‍ നാല് വര്‍ഷം മുന്‍പ് സംസ്ഥാന ജലവിഭവ വകുപ്പുചീഫ് എഞ്ചിനിയര്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു. മറിച്ചായാല്‍ സാധാരണക്കാരുടെ കണ്ണീരാവും ജലപാതയിലൂടെ ഒഴുകുകയെന്നും ദേശവാസികളുടെ കൂട്ടായ്മയില്‍ രൂപം കൊണ്ട കര്‍മ്മസമിതി ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ടി.സി.പ്രദീപന്, പി.ടി.കെ.ഗീത, എന്‍.സി ഗേഷ്, എ.കെ.വത്സല, എ.കെ.പ്രദീശന്‍, സി.രൂപ, കെ.പി.പ്രമോദ്., സജീവന് മാസ്റ്റര്‍, ടി.പി. നഹിം എന്നിവര്‍ പങ്കെടുത്തു.
















