സിനിമയുടെ വര്‍ണ്ണപ്പകിട്ടുകള്‍ അത്രയ്ക്കൊന്നും വാരിപ്പൂശാനാകാതെയും ദുരിതങ്ങളുടെ ആവര്ത്തനപ്പുഴകള് നീന്തിക്കേറാനാകാതെയും നടിയും നാടക പ്രവര്‍ത്തകയുമായിരുന്ന തൊടുപുഴ വാസന്തി വിധിക്കു കീഴടങ്ങി.
അറുപത്തഞ്ചു വയസിനിടയില്‍ 450 ലധികം സിനിമകളില്‍ അഭിനയിച്ചെങ്കിലും സാധാരണ നമ്മള് പറയുന്ന സിനിമാക്കാരുടെ അടിപൊളി ജീവിതമെന്നും അവര്‍ക്കുണ്ടായിരുന്നില്ല. പകരം ജീവിതത്തില്‍ ഒന്നിനുപുറകെ ഒന്നൊന്നായി സംഭവിച്ച ദുരന്തങ്ങളില്‍ തകര്‍ന്ന് ഗുരുതരമായ പ്രമേഹത്തിനും ക്യാന്‍സറിനും ഇടയില്‍പ്പെട്ട് നാളുകളായി അവശതയിലായിരുന്നു വാസന്തി. പ്രമേഹം മൂര്‍ച്ഛിച്ചപ്പോള്‍ അവരുടെ വലതുകാല്‍ മുട്ടിനു മുകളില്‍ മുറിച്ചുമാറ്റുകയായിരുന്നു. അവരുടെ നിരാശ്രയത്തെക്കുറിച്ച് അടുത്തിടെ മാധ്യമങ്ങളില്‍ വന്നതിനുശേഷം സിനിമാരംഗത്തുനിന്നും ചെറിയ സഹായങ്ങള്‍ കിട്ടിത്തുടങ്ങിയിരുന്നു.
കലാകാരന്മാരുടെ കുടുംബമായിരുന്നു വാസന്തിയുടേത്. അച്ഛന് രാമകൃഷ്ണന് നായര്‍ നടനും ബാലേ ട്രൂപ്പ് ഉടമയുമായിരുന്നു. അമ്മ പങ്കജാക്ഷി തിരുവാതിര നര്‍ത്തകിയും. രണ്ടുപേരുടേയും പ്രതിഭ വാസന്തിക്കും കിട്ടി. അതിന്റെ ബലത്തിലായിരുന്നു പ്രീഡിഗ്രിക്കു പഠിച്ചിരുന്ന പതിനാറുകാരി ഉദയായുടെ സിനിമ ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേയില് നര്‍ത്തകിയായി അരങ്ങേറ്റം കുറിച്ചത്. നൂറു രൂപയായിരുന്നു പ്രതിഫലം. വസന്തകുമാരിയാണ് സിനിമയില്‍ വാസന്തിയായത്. മുതിര്‍ന്ന നടിയായ അടൂര്‍ ഭവാനിയാണ് വാസന്തിയാക്കിയത്. ഇരുവരും അതിനു മുന്‍പേ പീനല്‍കോഡ് എന്ന നാടകത്തില്‍ അഭിനയിച്ചിരുന്നു. നല്ല രാശിയുള്ള പേരായി വാസന്തി. പിന്നീട് അതിനൊപ്പം സ്വന്തം നാടായ തൊടുപുഴയേയും കൂട്ടി.
എല്ലാമായിരുന്ന അച്ഛന്റെ അസുഖം സിനിമയില്‍ ഇടവേളയുണ്ടാക്കി. പിന്നെ മരണം. അമ്മയുടെ മരണം. പിന്നെയും ഇടവേളയുടെ നാളുകള്‍. ദിവസം രണ്ടു സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു ഈ ഇടവേളകള്‍. കലയെ സ്നേഹിക്കുന്ന ഭര്‍ത്താവ് രാജേന്ദ്രന്റെ പിന്തുണ വലുതായിരുന്നു. അദ്ദേഹം കിടപ്പിലായപ്പോള്‍ വീണ്ടും ഇടവേള. രാജേന്ദ്രന് നിര്‍ബന്ധിച്ചാണ് തുടര്‍ന്നു സിനിമാസെറ്റിലേക്കുപോയത്. അദ്ദേഹവും പോയപ്പോള്‍ എല്ലാതുണയും നഷ്ടമായി വാസന്തിക്ക്. ഒറ്റപ്പെടലും ഏകാന്തതയും. കൂട്ടിനുവന്നുകേറിയതാകട്ടെ ഗുരുതര രോഗങ്ങളും. കുടുംബ സദസുകള്ക്കിഷ്ടമായിരുന്ന വാസന്തിയെ സിനിമയില്‍ കാണാതായപ്പോഴാണ് അവരുടെ നീറുന്ന ജീവിതത്തിന്റെ കണ്ണീര് പ്രേക്ഷകന് അറിഞ്ഞു തുടങ്ങിയത്.
ക്യാന്‍സര്‍ രോഗം ഒരു പരമ്പര എന്നപോലെ അവരുടെ കുടുംബത്തെ വേട്ടയാടി. അച്ഛനും ഭര്‍ത്താവിനും ക്യാന്‍സറായിരുന്നു. ഇപ്പോള്‍ വാസന്തിയുടെ ജീവന് അപഹരിച്ചതും ക്യാന്‍സര്‍ തന്നെ. നാടകവും സിനിമയും തന്നെയായിരുന്നു വാസന്തിക്കു ജീവിതം. അച്ഛന്റെ ബാലെ ട്രൂപ്പില്‍ നിന്നായിരുന്നു തുടക്കം. പിന്നെ നാടകങ്ങളില്‍. നൂറിലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 16 സീരിയലുകളിലും വേഷമിട്ടു.
കാമുകിയും ഭാര്യയും അമ്മയുമായി നിരവധി വേഷങ്ങള്‍. അമ്മ വേഷങ്ങളായിരുന്നു കൂടുതലും. എന്റെ നീലാകാശം എന്ന ചിത്രത്തില്‍ നല്ലൊരു വേഷം കിട്ടി. ആലോലം സിനിമയിലെ ജാനകിയെ പ്രേക്ഷകര്‍ക്കു ഏറ്റെടുത്തു. 2016ല്‍ അഭിനയിച്ച ഇതു താന്‍ടാ പോലീസ് ആണ് അവസാന ചിത്രം.
നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്ക്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: