കോട്ടയം: നഗരത്തിനൊപ്പം ഭരണസിരാകേന്ദ്രമായ കളക്‌ട്രേറ്റും മാലിന്യ മുക്തമല്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യശേഖരം കുന്നുകൂടുകയാണ്. ഇത് യഥാസമയം നീക്കം ചെയ്യാന്‍ ഇനിയും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിന് പുറമേയാണ് കളക്‌ട്രേറ്റ് വളപ്പില്‍ ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കിടക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമാണ് ഇ-മാലിന്യങ്ങള്‍ ഏറ്റവുമധികമുള്ളത്. കളക്‌ട്രേറ്റിനുള്ളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള അവശിഷ്ടങ്ങളുടെ നീക്കവും യഥാസമയം നടക്കുന്നില്ല. ഇവ മിക്കതും വാഹനങ്ങളുടെ പാര്‍ക്കിങ് ഏരിയയില്‍ തന്നെയാണ് കുന്നുകൂടപ്പെട്ടിരിക്കുന്നത്.
ശുചിത്വത്തിന് മാതൃകയാകേണ്ട കളക്‌ട്രേറ്റ് മന്ദിരത്തിനുള്ളില്‍ മാറാലകളും പൊടിയും സമൃദ്ധമാണ്. ശുചീകരണത്തിന് നിരവധി ജീവനക്കാരുണ്ടെങ്കിലും എല്ലാം പേരിന് മാത്രമാണ്. ഇക്കാര്യത്തില്‍ വിവിധ വകുപ്പ് തലവന്‍മാരുടെ ശ്രദ്ധയും പതിയാറില്ല. നൂറുകണക്കിന് ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഇവിടുത്തെ പൊതു ശുചിമുറികളുടെ അവസ്ഥയും സമാനം തന്നെ. ശുചിത്വ മിഷന്‍ ഉള്‍പ്പെടെയുള്ള സമിതികളുണ്ടെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം സക്രിയമാണെന്ന് തിരിച്ചറിയാന്‍ കളക്‌ട്രേറ്റില്‍ എത്തിയാല്‍ മതിയാകും.
















