മുണ്ടക്കയം: പുലിക്കുന്നിലിറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടമായി വനം വകുപ്പ് അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി ആനകള്‍ സമീപ പ്രദേശത്ത് ഉണ്ടെങ്കില്‍ വനത്തിലേയ്‌ക്ക് തിരിച്ചയക്കുവാനായി ശ്രമം നടത്തി.
ആനകള്‍ ഉള്‍കാടുകളിലാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സോളാര്‍ വേലികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുണ്ടക്കയം–എരുമേലി സംസ്ഥാന പാതയില്‍ പുലിക്കുന്ന് ടോപ്പില്‍ ആനകള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങിയിരുന്നു. സ്വദേശിയായ റെനി എന്ന യുവാവ് ബൈക്കില്‍ വരുന്നതിനിടെ ആനകൂട്ടത്തെ കണ്ട് ഭയക്കുകയും ബൈക്കില്‍ നിന്നും വീണ്ട് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി കാട്ടാനകളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. കണ്ണിമലയ്‌ക്കും പുലിക്കുന്നിനും ഇടയില്‍ വനാതിര്‍ത്തി പങ്കിടുന്ന ഇല്ലികൂട്ടം ഭാഗത്താണ് ആനകള്‍ എത്തുന്നത്. വനം വകുപ്പ് എരുമേലി റേഞ്ചിന്റെ കീഴില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള തേക്കിന്‍ കൂപ്പ് വഴിയാണ് ആനകള്‍ നാട്ടിലേയ്‌ക്ക് എത്തുന്നത്.
ഇതേ തുടര്‍ന്ന് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സമീപ പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ വേലികള്‍ സ്ഥാപിക്കുവാന്‍ തീരുമാനമെടുത്തിരുന്നു. കണ്ണിമല തേക്ക് പ്ലാന്റേഷനില്‍ നിന്നും ഉള്ളിലായുള്ള പ്രദേശത്ത് മുന്‍പ് അഞ്ച് കിലോമീറ്റര്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ വേലി സ്ഥാപിക്കുന്നതോടെ ആനകളിറങ്ങുന്നത് തടയാനാകും എന്നാണ് പ്രതീക്ഷ.
















