മാറ്റച്ചിന്തയുടെ വിത്തിട്ട് പടര്‍ന്ന 125 വര്‍ഷം പഴക്കമുള്ള ഒരു ഭൂതകാലക്കുളിരിന്റെ ഓര്മ ഇന്നു മുതല്‍ ഡിസംബര്‍ 22വരെ കേരളം കൊണ്ടാടുന്നു. സ്വാമി വിവേകാനന്ദന്റെ കേരള പര്യടനത്തിന്റെ ത്രസിക്കുന്ന തോജോമയമാര്ന്ന സ്മരണ.
ഇന്ത്യയിലുടനീളം ആദ്ധ്യാത്മികതയിലൂന്നിയ നവോഥാനത്തിന്റെ വിവേകഭരിതമായ ആനന്ദത്തിന്റെ ആവേശമുണര്‍ത്തി വിവേകാനന്ദന് നടത്തിയ രണ്ടു വര്‍ഷം നീണ്ട പരിവ്രാജക പര്യടനത്തിന്റെ ഭാഗമായ കേരളസന്ദര്‍ശനത്തിന്റെ സ്മരണ പുതുക്കുകയാണ് സംസ്ഥാനം. വിവേകാനന്ദ സ്പര്‍ശം എന്നപേരില്‍ ബൃഹത്തായ പരിപാടികളാണ് കേരള സര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യ മാത്രമല്ല ലോകം മുഴുവനും പുതുകാലത്തെ ഒരേയൊരു സന്യാസിയായി വാഴ്ത്തിയ സ്വാമി വിവേകാനന്ദന്റെ ഭ്രാന്താലയം എന്ന വൈരുധ്യസൗന്ദര്യം നിറഞ്ഞ വാക്ക് പിന്നീട് കേരളത്തെ ഒട്ടൊന്നുമല്ല പ്രചോദിപ്പിച്ചത്. കേരളം എന്ന ഭ്രാന്താലയത്തില്‍ നിന്നും കുതറിമാറി പരിഷ്ക്കരണത്തിലേക്കു എത്താനുള്ള പോരാട്ടമായിരുന്നു സാമൂഹ്യവും സാമ്പത്തീകവും രാഷ്ട്രീയവുമായി പിന്നീടുണ്ടായത്. അതുകൊണ്ട് ഭ്രാന്താലയം എന്ന വാക്കിനുള്ള പ്രസക്തി വലുതാണ്. വിവേകാനന്ദന്റെ സന്ദര്‍ശനം നടന്നില്ലായിരുന്നെങ്കില്‍ കേരളം പ്രാകൃതമായൊരു ഭാവനയാകുമായിരുന്നു. ജാതീയമായ ഉന്മാദവും അനാചാരത്തിന്റെ പുകയും അന്ധവിശ്വാസത്തിന്റെ ഇരുട്ടുംകൊണ്ട് കേരളം ഇരുണ്ട ഭൂഖണ്ഡമാണെന്ന് ഡോ.പല്‍പ്പുവില്‍ നിന്നാണ് വിവേകാനന്ദന് അറിഞ്ഞത്.
തന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ മഹാസമാധിക്കു ശേഷം ബംഗാളില്നിന്നുമാരംഭിച്ച യാത്രയില്‍ കേരള സന്ദര്‍ശനം ആദ്യം ഉണ്ടായിരുന്നില്ല. നവംബര്‍ മൂന്നിന് ബാംഗ്ളൂരില്‍ പല്‍പ്പു താഴ്ന്ന ജാതിക്കാര്‍ കേരളത്തില്‍ അനുഭവിക്കുന്ന കൊടും യാതനകളെക്കുറിച്ചു വിവേകാനന്ദനോടു പറഞ്ഞശേഷം പര്യടനം കേരളത്തിലേക്കുകൂടി നീട്ടുകയായിരുന്നു. ഐതിഹാസികമായ ആ യാത്രയുടെ പര്യവസാനം അങ്ങനെ കേരളമായി.
ഏതൊരു പരിവര്‍ത്തനവും ഇന്ത്യയില്‍ ആധ്യാത്മികതയിലൂടെ മാത്രമേ സാധ്യമാകൂവെന്നാണ് ഡോ.പല്‍പ്പുവിനോട് വിവേകാനന്ദന് പറഞ്ഞത്. അതിനു പുറമേനിന്ന് ആളെകൊണ്ടുവരുന്നതിനു പകരം നിങ്ങള്ക്കിടയില്നിന്നൊരു ആചാര്യനെ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. കര്‍മത്തിനും മനസിനും വേണ്ടുന്ന ശുദ്ധീകരണ പ്രക്രിയയെയാണ് ഇതുകൊണ്ട് വിവേകാനന്ദന് ലക്ഷ്യം വച്ചത്.
കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ് 26 ദിവസമാണ് വിവേകാനന്ദന് ഇവിടെ ഉണ്ടായിരുന്നത്. ട്രയിനിലും വഞ്ചിയിലും കാളവണ്ടിയിലുമായിരുന്നു യാത്ര. ഏറേയും വഞ്ചിയില്‍. എറണാകുളത്തുവെച്ച് ചട്ടമ്പിസ്വാമികളുമായി സംസാരിച്ചു. തിരുവനന്തപുരത്ത് മഹാരാജാവ് ശ്രീമൂലം തിരുനാളിനെ സന്ദര്‍ശിച്ചു.വിവിധ തട്ടിലുള്ള പ്രമുഖരുമായും പണ്ഡിതരുമായും അദ്ദേഹം ആശയവിനിമയം നടത്തി. പ്രായവ്യത്യാസമില്ലാതെ സംസ്കൃതത്തില്‍ സംസാരിക്കുന്ന തമ്പുരാട്ടിമാരെ കൊടുങ്ങല്ലൂരില്‍വെച്ച് കണ്ടുമുട്ടിയത് വിവേകാനന്ദന് അതിശയകരമായ ആഹ്ളാദമുണ്ടാക്കി. പരിമിതങ്ങളായ ദിവസങ്ങള്‍കൊണ്ട്, കേരളത്തില്‍ ജനിച്ചുവളര്‍ന്ന മറ്റാരെക്കാളും കൂടുതല്‍ കേരളത്തെക്കുറിച്ച് വിവേകാനന്ദന് മനസിലാക്കിയാണ് മടങ്ങിയത്.
തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടേയും ജാതീയമായ ഗുഹാവാസികളായിത്തീര്ന്ന കേരളീയരെ ആധ്യാത്മികതയുടെ വെളിച്ചത്താല്‍ സാംസ്ക്കാരികമായി പുറംലോകത്തേക്കു കൊണ്ടുവരാനുള്ള ആദ്യചുവടായിരുന്നു നൂറ്റിരുപത്തഞ്ചു വര്‍ഷം മുന്‍പുള്ള വിവേകാനന്ദ സ്പര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: