ആലപ്പുഴ: സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫിന്റെ ഗുണഭോക്തൃ പട്ടികയുടെ കരട് നവംബര്‍ 30നകം പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ തുടരുന്നു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്രാമസഭകളും നഗരവാര്‍ഡ് സഭകളും ചേര്‍ന്നാണ് ഗുണഭോക്തൃപട്ടികയ്‌ക്ക് രൂപം നല്‍കുന്നത്. ലൈഫ് പദ്ധതിയിലേക്ക് ജില്ലയില്‍ ലഭിച്ചത് 8,420 അപേക്ഷകളാണെന്നും അഞ്ചു പഞ്ചായത്തുകളിലായി രണ്ട് ഏക്കറോളം സ്ഥലം കണ്ടെത്തിയതായും ദാരിദ്രലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ കെ.ആര്‍. ദേവദാസ് പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഭവനനിര്‍മാണ പദ്ധതി പ്രകാരം നിര്‍മാണം ആരംഭിക്കുകയും എന്നാല്‍ പൂര്‍ത്തീകരിക്കാതെ കിടക്കുകയും ചെയ്യുന്ന വീടുകള്‍ മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഇത്തരത്തില്‍ 3,475 വീടുകളാണ് ജില്ലയിലുള്ളത്. ഇതിനാവശ്യമായ ഫണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.
കുടുംബശ്രീ നടത്തിയ സര്‍വേ പ്രകാരം ജില്ലയില്‍ 20,000 ഭവനരഹിതരുണ്ടെന്നാണ് കണക്ക്. ഓരുമുട്ടുകള്‍ ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തീകരിക്കുമെന്നും തണ്ണീര്‍മുക്കം ഇറിഗേഷന്‍ ഡിവിഷനുകീഴിലുള്ള ഓരുമുട്ടുകളില്‍ 80 ശതമാനം പൂര്‍ത്തീകരിച്ചതായും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
മറ്റിടങ്ങളിലെ 17 പ്രവൃത്തികളില്‍ അഞ്ചെണ്ണം പൂര്‍ത്തീകരിച്ചതായും ഒമ്പത് പ്രവൃത്തികള്‍ നവംബര്‍ 30നകം പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി പങ്കെടുക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഇക്കാര്യം ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് റോഡ് കുഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ജലഅതോറിറ്റിയുടെ ഇത്തരം പദ്ധതികള്‍ വേഗത്തിലാക്കുന്നതിനുമായി പൊതുമരാമത്ത്ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കണമെന്ന് പൊതുമരാമത്തു വകുപ്പു മന്ത്രി ജി. സുധാകരന്റെ പ്രതിനിധി ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതിയില്‍ അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
















