സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ 2017-18 വര്‍ഷത്തെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായുള്ള ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതുസംബന്ധിച്ച വിജ്ഞാപനം www.kshec.kerala.gov.in- എന്ന വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 16 വരെ സ്വീകരിക്കും. നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആകെ 1000 സ്കോളര്‍ഷിപ്പുകളാണ് ലഭ്യമായിട്ടുള്ളത്.
വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം ഹാര്‍ഡ് കോപ്പിയെടുത്ത് ഫോട്ടോ പതിച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് ഡിസംബര്‍ 19 നകം സമര്‍പ്പിക്കണം. അപേക്ഷയുടെ ഒരു പകര്‍പ്പ് റഫറന്‍സിനായി സൂക്ഷിക്കേണ്ടതാണ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
യോഗ്യത: ഗവണ്മെന്റ്/എയിഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും സര്‍വ്വകലാശാലകളിലും മറ്റും 2017-18 അധ്യയനവര്‍ഷം സയന്‍സ്, ഹ്യൂമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ഒന്നാംവര്‍ഷം അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരെ പരിഗണിക്കില്ല.
ജനറല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് പ്ലസ്ടു/തത്തുല്യ പരീക്ഷയില്‍ സയന്‍സ് ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ 75 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി വിജയിച്ചിരിക്കണം.
ബിപിഎല്‍, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് സയന്‍സിന് 60 %, ഹ്യൂമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസിന് 55 %, ബിസിനസ് സ്റ്റഡീസിന് 65 % മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷയ്ക്ക് ഉണ്ടായിരിക്കണം. എന്നാല്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മിനിമം പാസ്മാര്‍ക്ക് മതി. പട്ടികജാതിക്കാര്‍ക്ക് സയന്‍സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് വിഷയങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്കിലും ബിസിനസ് സ്റ്റഡീസിന് 60 ശതമാനം മാര്‍ക്കിലും കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷക്കുണ്ടാകണം. ഫിസിക്കലി ചലഞ്ചഡ്/ഭിന്നശേഷിക്കാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും 45 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി പ്ലസ് ടു ജയിച്ചിരുന്നാല്‍ മതി.
അപേക്ഷ പരിശോധിച്ച് ഡിസംബര്‍ 23 നകം അപ്രൂവല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. മെരിറ്റടിസ്ഥാനത്തില്‍ അര്‍ഹരായവരുടെ താല്‍ക്കാലിക ലിസ്റ്റ് കേരളാ ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ പ്രസിദ്ധീകരിക്കും. ലിസ്റ്റിനു മേലുള്ള പരാതികള്‍ പരിശോധിച്ച് അന്തിമ ലിസ്റ്റ് യഥാസമയം പ്രസിദ്ധപ്പെടുത്തും.
മൊത്തം സ്കോളര്‍ഷിപ്പുകളെ എസ്സി/എസ്ടി- 10 %, ബിപിഎല്‍- 10 %, ഒബിസി- 27 %, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍- 3 %, പൊതുവിഭാഗങ്ങളില്പ്പെടുന്നവര്- 50 % എന്നിങ്ങനെ വിഭജിച്ച് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും സ്കോളര്‍ഷിപ്പായി ലഭിക്കും. ബാങ്ക് അക്കൗണ്ടില്‍ തുക നിക്ഷേപിക്കും. പഠിതാക്കളുടെ അക്കാഡമിക് മികവ് വിലയിരുത്തിയാകും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ www.kshec.kerala.gov.in- എന്ന ഹയര്‍ എ്യഡ്യൂക്കേഷന് കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: