ആലപ്പുഴ: ചെറുവാരണം എസ്എന്‍പിഎല്‍പിഎസില്‍ സാക്ഷരത മിഷന്റെ നാലാം തരം തുല്യതാ പരീക്ഷയെഴുതി പുറത്തിറങ്ങുമ്പോള്‍ രാജപ്പന്‍ ആത്മവിശ്വാസം കൊണ്ട് തോല്‍പിച്ചത് തന്റെ 82 വയസിനെ. ഇന്നലെ നടന്ന തുല്യതാ പരീക്ഷയില്‍ പങ്കെടുത്ത ഏറ്റവും മുതിര്‍ന്ന പഠിതാവായിരുന്നു രാജപ്പന്‍. നിരവധി പേര്‍ പ്രായത്തെ തോല്‍പ്പിച്ച് പരീക്ഷയെഴുതി.
കായംകുളം ഗവ.എച്ച്.എസില്‍ ഭാര്യയും ഭര്‍ത്താവും പരീക്ഷ എഴുതി. അബ്ദുള്‍ ഖാദര്‍ കുഞ്ഞും (72) ഭാര്യ ഉമൈബ (70) യുമാണ് ഒരേ ബഞ്ചിലിരുന്ന് പരീക്ഷ എഴുതിയത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹൈസ്‌കൂളില്‍ തമിഴ്‌നാട് സ്വദേശിയായ അരുള്‍ പരീക്ഷയെഴുതാനെത്തി. ആലപ്പുഴ മുഹമ്മദന്‍സ് എല്‍പി സ്‌കൂളില്‍ വൈകല്യത്തെ തോല്‍പ്പിച്ച് പരീക്ഷ എഴുതാനെത്തിയ കെ.ജി.സുജിത്ത് മറ്റ് പഠിതാക്കള്‍ക്ക് ആവേശമായി.
ജില്ലയില്‍ ആകെ 42 പഠിതാക്കളാണ് പരീക്ഷയെഴുതിയത്. 26 സ്ത്രീകളും 16 പുരുഷന്മാരും. എസ്‌സി വിഭാഗത്തില്‍പ്പെട്ട 14 പേരും പരീക്ഷ എഴുതി.
















