മാനന്തവാടി: ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഒരാഴ്ചയായി തിരുനെല്ലി ബേഗൂര്‍ പി.എച്ച്.സിയിലെ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തന രഹിതമായി. ഇതോടെ കര്‍ണ്ണാടകയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമെത്തുന്നവരുള്പ്പെടെയുള്ള നൂറുകണക്കിന് രോഗികള്‍ ആശുപത്രിയിലെത്തി ചികിത്സ കിട്ടാതെ തിരിച്ചു പോയി.
തിരുനെല്ലി, അപ്പപ്പാറ, പനവല്ലി, കാട്ടിക്കുളം, അരണപ്പാറ, ബേഗൂര്‍,തുടങ്ങി തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ണ്ണാടകയിലെ ബൈരക്കുപ്പ, മച്ചൂര് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിത്യേന 250 മുതല്‍ 300 വരെ രോഗികളാണ് പി.എച്ച്.സിയില്‍ ചികിത്സക്കായെത്താറുള്ളത്. ഒരു എന്‍.ആര്.എച്ച്.എം. ഡോക്ടര്‍ ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരാണ് ഇവിടെ സേവനത്തിനുണ്ടായിരുന്നത്. താല്‍ക്കാലിക ഡോക്ടറെ പകരം സംവിധാനമേര്‍പ്പെടുത്താതെ പിരിച്ചുവിട്ടതോടെയാണ് നിത്യേനയുള്ള ഒ.പി. ചൊവ്വാഴ്ച മുതല്‍ നിലച്ചത്.
മെഡിക്കല്‍ ഓഫീസര്‍ പ്രൊമോഷന് ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം അവസാനം സ്ഥലം മാറിപ്പോവുകയാണ്. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി അവധിയിലാണ്. താല്‍ക്കാലിക ഡോക്ടര്‍ വാക്സിനേഷനെടുക്കാനെത്തിയ വീട്ടമ്മമാരെ അവഹേളിച്ചു വെന്ന പരാതിയില്‍ അന്വേഷണം പോലും നടത്താതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിരിച്ചു വിടുകയായിരുന്നു. എന്നാല്‍ നിത്യേനയെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ഒ.പി. മുടങ്ങാതിരിക്കാന്‍ പകരം സംവിധാനമേര്പ്പെടുത്താത്തതാണ് രോഗികളെ ദുരിതത്തിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: