ആലപ്പുഴ: ചേന്നംപള്ളിപ്പുറം കുന്നേവെളി പട്ടികവര്‍ഗ ഊരിലെ എണ്‍പതുകഴിഞ്ഞ കാര്‍ത്ത്യായനി ഡോക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചത് തഴപ്പായയില്‍ നെയ്തെടുക്കുന്ന വട്ടിയും കുട്ടയുമൊക്കെ നെയ്യുന്ന വിദ്യ കാട്ടിക്കൊടുത്തായിരുന്നു. ചുമയും കാല്‍മുട്ടുവേദനയുമൊക്കെ അലട്ടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ പള്ളിപ്പുറം പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ്. അഞ്ജുവും വണ്ടാനം മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥികളും കാര്‍ത്ത്യായനിയമ്മയെ പരിശോധിച്ചു. മരുന്നു കുറിച്ചു നല്‍കി. പിആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ പട്ടികവര്‍ഗ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ നടത്തിയ ബോധവത്കരണ ക്ലാസിന്റെ ഭാഗമായാണ് ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അരോഗ്യപ്രവര്‍ത്തകരും ഊരിലെ വീടുകളിലെത്തിയത്. 47 പേരാണ് കുന്നേവെളി ഊരിലുള്ളത്. ഇതില്‍ എട്ടു പേര്‍ കുട്ടികളാണ്.
















