ഇത് സുന്ദരപാണ്ഡ്യപുരം. തമിഴ്നാട്ടിലെ തെങ്കാശിക്കടുത്തുള്ള സുന്ദരമായ ഗ്രാമം. കാര്‍ഷിക സമൃദ്ധമായ ഗ്രാമത്തില്‍ കാഴ്ചകള്‍ ഏറെയാണ്. നിണ്ടുനിവര്ന്ന് നില്ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍ക്ക് താഴെ സൂര്യകാന്തിപ്പാടങ്ങളും, തക്കാളി, മുളക്, ചോളം, ഉള്ളി, ജമന്തിപൂ, കുറ്റിമുല്ല, കാറ്റാടിപ്പാടങ്ങള്‍….. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കാഴ്ചകള്‍ ഇവിടെ ഏറെയാണ്.
പേരുപോലെ സുന്ദരന്‍ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ഗ്രാമഭംഗി നിരവധി മലയാള-തമിഴ് സിനിമാ ആസ്വാദകരിലേക്ക് എത്തിക്കാന്‍ സംവിധായകര്‍ മത്സരിച്ച് എത്തുന്ന ലൊക്കേഷന്‍ കൂടിയാണ്. കൃഷി മുഖ്യവരുമാനമായി കൊണ്ടു പോകുമ്പോഴും, കൃഷിയ്ക്ക് പുറമെ കളിമണ്‍ നിര്‍മ്മാണവും, ബീഡി നിര്‍മ്മാണവുമൊക്കെയായി ഇവിടുത്തുകാര്‍ ഉപജീവനം കണ്ടെത്തുന്നു. ഇതിന് പുറമെ കന്നുകാലി പരിപാലനവും മുഖ്യമാണ്. സുന്ദരപാണ്ഡ്യപുരത്തെ അഗ്രഹാര തെരുവുകളായ വടക്കേ തെരുവിലും, സന്നതി തെരുവിലും കളിമണ്‍ ശില്പനിര്മാണ വേലകള്‍ നടക്കുന്നുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ആര്യങ്കാവ് പിന്നിട്ട് ചെങ്കോട്ട, തെങ്കാശ്ശി, തിരുനെല്‍വേലിയില്‍ നിന്നും എട്ടു കി.മി. സഞ്ചരിച്ചാല്‍ സുന്ദരപാണ്ഡ്യപുരത്ത് എത്താം. തെങ്കാശ്ശി പഞ്ചായത്തില്‍ തന്നെയാണ് ഈ ചെറു ഗ്രാമവും സ്ഥിതി ചെയ്യുന്നത്.
സുന്ദരപാണ്ഡ്യപുരത്തേയ്ക്കുള്ള യാത്രയില്‍ തെങ്കാശി പിന്നിട്ട് കിലോമീറ്ററുകള്‍ കടക്കും മുന്നെ ഗ്രാമവീഥിയില്‍ നിറഞ്ഞ് പൂത്ത് നില്ക്കുന്ന ജമന്തി പൂപ്പാടങ്ങളില്‍ നിന്നും കുറ്റിമുല്ല പൂവിന്റേയും വാസന പരക്കും. കുറച്ചു കൂടി മുന്നോട്ട് സഞ്ചരിക്കുന്നതോടെ തമിഴകത്തിന്റെ സൗന്ദര്യ റാണിയായി നിലനില്‍ക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍ കാണാം. ഏക്കറുകണക്കിന് പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടം സിനിമാ ഗാനചിത്രീകരണത്തിനായി ഏറെ സിനിമാ സംഘങ്ങള്‍ വന്നു പോകുന്ന സ്ഥലം കൂടിയാണ്.
പാടങ്ങള്‍ക്ക് നടുവിലായുള്ള പുലിയൂര് പാറ ഇന്ന് ‘അന്യന് പാറ’ എന്ന പേരിലും അറിയപ്പെടുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ അന്യന് സിനിമയുടെ ഒരുപാട്ട് സീന്‍ ചിത്രീകരിച്ചത് ഇവിടെയാണ്. നായികാനായകന്മാരായ വിക്രം-സദ ജോഡികള്‍ ആടിത്തിമിര്‍ത്ത ”രണ്ടക്ക….. രണ്ടക്ക…..” എന്ന പാട്ടു സീന്‍ പുലിയൂര് പാറയില്‍ ചിത്രീകരിക്കവെ പാറയില്‍ തമിഴ് താര രാജാക്കന്മാരായ എംജിആര്‍, രജനികാന്ത്, കമല്ഹാസന് എന്നിവരുടെ പടുകൂറ്റന്‍ ചിത്രങ്ങള്‍ പാറപുറത്ത് നിറച്ചാര്‍ത്തുകള്‍ ചേര്‍ത്ത് വരച്ചത് ഇന്നും ചാരുത നഷ്ടപ്പെടാതെ അവശേഷിക്കുന്നു. ഇതു കാണാനായി ഇന്നും ഇവിടെ നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്.
ഇവിടെ നിന്നും നോക്കിയാല്‍ കപ്പലണ്ടിപ്പാടങ്ങളും, കാറ്റാടിപ്പാടങ്ങളും കാണാം. ഈ സ്ഥലത്തു വച്ചാണ് മലയാള ചിത്രങ്ങളായ സൂത്രധാരന്‍, കളഭം, തമിഴിലെ ഹിറ്റ് സിനിമകളായ റോജ, മുതല്വന്, ദൂള്‍, കണ്കളും കവിത പാടുതെ, മായക്കണ്ണാടി, യാരടീ നീ മോഹനി, സത്യം ഇങ്ങനെ നീളുന്നു സിനിമകള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുള്ളത്. അഗ്രഹാരത്തെരുവുകള്‍ ചിത്രീകരിക്കാനും ഇവിടെയാണ് ഏറെയും ആളുകള്‍ എത്തുക.
സിനിമയ്ക്ക് പുറമെ തമിഴ്, മലയാള സീരിയലുകളും ഇവിടെ ചിത്രീകരിച്ചുവരുന്നു. ഇങ്ങനെ നീളുന്ന സുന്ദരകാഴ്ചകള്‍ സമ്മാനിക്കുന്ന ഈ സ്ഥലത്തിന് സുന്ദരപാണ്ഡ്യപുരമെന്നല്ലാതെ എന്ത് പേര് നല്‍കും. സുന്ദരപാണ്ഡ്യപുരത്തിന് പുറമെ സമീപ സ്ഥലങ്ങളായ അച്ചംപത്തൂര്, സൊറണ്ട, വി.കെ. പുത്തൂര്‍ എന്നിവിടങ്ങളിലും സമൃദ്ധമായി ഉള്ളി, മുളക്, വെണ്ട, വഴുതന, തക്കാളി, കപ്പലണ്ടി എന്നിവ വിളയുന്നു. കേരളത്തില്‍ ഏതു വിശേഷാവസരങ്ങളിലും വിഭവ സമൃദ്ധമായ സദ്യയും, സദ്യകഴിക്കാനുള്ള ഇല, പഴം, പൂവ്, നാരങ്ങ തുടങ്ങി എല്ലാമെത്തുന്നത് ഈ ഗ്രാമങ്ങളില്‍ നിന്നാണ്.
ഗ്രാമമദ്ധ്യത്തെ ജലസമൃദ്ധമായ കുളവും, കാലിക്കൂട്ടങ്ങളും ആട്ടിന്കൂട്ടവുമൊക്കെ എന്നുമോര്‍ക്കുന്ന കാഴ്ചകളാവും സമ്മാനിക്കുക. ഈ സ്വപ്നഭൂമി കാണാന്‍ ഇന്ന് വിദേശിയരായ വിനോദസഞ്ചാരികള്വരെയെത്തുന്നുണ്ട്. ഒരിക്കല്‍ ഇവിടെ എത്തുന്നവര്‍ ഈ ഗ്രാമക്കാഴ്ചകള്‍ കാണാന്‍ വീണ്ടുമെത്താന്‍ കൊതിക്കും തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: