കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ കുടിവെള്ളത്തിനും ജ്യൂസിനും അമിത വില ഈടാക്കിയതിന് ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു. പത്ത് രൂപയുടെ ജ്യൂസിന് മുപ്പത് രൂപവരെയാണ് ഈടാക്കിയത്. ഭക്ഷണ വിതരണം കരാറെുടത്തയാള്ക്കെതിരെയാണ് വകുപ്പ് നടപടി.
കഴിഞ്ഞ 17ന് ഐഎസ്എല്‍ ഉദ്ഘാടന ദിവസം അരലക്ഷത്തോളം പേര് കളികാണാനെത്തിയെന്നാണ് വിവരം. സ്റ്റേഡിയത്തിനകത്തും പുറത്തുമായി ജ്യൂസും കുടിവെള്ളവും വില്‍പ്പന നടത്തിയത് മൂന്നിരട്ടി തുകയ്ക്കാണ്. വിവിധ കമ്പനികളുടെ പത്ത് രൂപ വിലയുള്ള ചെറിയ ബോട്ടില്‍ ജ്യൂസിന് 30 രൂപയാണ് ഈടാക്കിയത്. 15 രൂപയുടെ ഒരു ലിറ്റര്‍ കുടിവെള്ളം നല്‍കിയത് 40 രൂപയ്ക്കാണ്. പരാതിയുയര്ന്നതിനെത്തുടര്ന്നാണ് ലീഗല്‍ മെട്രോളജി വകുപ്പ് കരാറുകാരനെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി കണ്ട്രോളര് ആര് രാം മോഹന്‍ പറഞ്ഞു. വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എല്‍ മൂന്നാംപതിപ്പിലും അമിത വില ഈടാക്കിയതിന് കേസെടുത്തിരുന്നു. അന്ന് 80 രൂപയുടെ ബിരിയാണി 300 രൂപയ്ക്കാണ് വിറ്റത്. കേസിപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റുന്നതിനായി നിയമ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് രാംമോഹന്‍ പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയ ശേഷം കുടിവെള്ളത്തിന് എംആര്‍പിയേക്കാള്‍ ഇരട്ടി വില ഈടാക്കിയതിന് നാലു ജില്ലകളിലായി ലീഗല്‍ മെട്രോളജി വകുപ്പ് ഏഴ് കേസെടുത്തു.
എറണാകുളം, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ രണ്ട് വീതവും പാലക്കാട് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. കുപ്പിവെള്ളത്തിന് ജിഎസ്ടി ഇല്ല. 15 രൂപയുള്ള ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് മുപ്പത് മുതല്‍ 60 രൂപവരെയാണ് ഈടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: