മലപ്പുറം: പ്രതിരോധ കുത്തിവെപ്പുകളോട് മലപ്പുറത്തിന് മാത്രം എന്താണിത്ര അസഹിഷ്ണുത. ആദ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു വാക്സിന് വിരോധികളുടെ ശ്രമം. പിന്നീട് അത് ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നതിലേക്കെത്തി.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി എത്തിയ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്യാമളാബായിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത് എന്തിനായിരുന്നു. സംസ്ഥാനമൊട്ടാകെ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മലപ്പുറത്തെത്തുമ്പോള്‍ എതിര്‍ക്കപ്പെടുന്നത് എന്തുകൊണ്ടാണ്. സര്‍ക്കാരിനോ ആരോഗ്യവകുപ്പിനോ പോലീസിനോ ഈ ചോദ്യത്തിന് ഒരു ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ മീസല്‍സ്-റൂബല്ല വാക്സിന് കാമ്പയിന് ആരംഭിക്കുന്നതും ആരംഭിച്ചതും സമൂഹത്തിലെ പലരും അറിഞ്ഞിരുന്നില്ല. എന്നാല്‍ അതിന് മുമ്പ് തന്നെ വാക്സിന് വിരുദ്ധസന്ദേശങ്ങളാണ് പലര്‍ക്കും ലഭിച്ചത്. അശാസ്ത്രീയമായ പല ന്യായവാദങ്ങളും നിരത്തി പ്രചരിച്ച സന്ദേശങ്ങളില്‍ ഒരുപരിധിവരെ ജനം വീണുപോയി. മീസല്‍സ് റൂബല്ല വാക്സിന് കാമ്പയിനിന്റെ തണുത്ത തുടക്കം ഇതാണ് സൂചിപ്പിച്ചത്.
വാക്സിനേഷന് എടുക്കുന്നത് വഴി പ്രത്യുല്‍പ്പാദനശേഷി നഷ്ടമാവുമെന്ന സന്ദേശമാണ് ഇതില്‍ ഏറ്റവും ശക്തമായ പ്രഹരശേഷിയുണ്ടായ ഒന്ന്. വാക്സിനെടുക്കുന്ന കുട്ടികള്‍ക്ക് വളര്‍ച്ചാ വൈകല്യം തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് കണ്ട് വിദേശ രാജ്യങ്ങളിലടക്കം എംആര്‍ വാക്സിനില്‍ നിന്ന് ജനങ്ങള്‍ വിട്ടു നിന്നു എന്നതടക്കമുള്ള സന്ദേശങ്ങളും ഇതോടൊപ്പം പ്രചരിക്കപ്പെട്ടു.
വാക്സിനേഷന് കാമ്പയിനുമായി രംഗത്തെത്തിയ ആരോഗ്യവകുപ്പിനെയും ഡോക്ടര്‍മാരെയും പിന്നിലാക്കിക്കൊണ്ട് വാക്സിന് വിരുദ്ധശക്തികള്‍ ശാസ്ത്രീയ അറിവുകളേക്കാള്‍ പതിന്മടങ്ങ് വേഗതയിലും പ്രഹരശേഷിയിലും പൊതുബോധത്തിലേക്കെത്തി.
ഇതോടെ വാക്സിന് എടുക്കുന്നത് വഴിയുണ്ടാവുന്ന പ്രശ്നങ്ങളേക്കാള്‍ അതെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന സാമാന്യയുക്തിയിലേക്ക് പലരും എത്തിച്ചേര്‍ന്നു.
കാമ്പയിന് വിജയത്തിലേക്കെത്തിക്കാനുള്ള ഊര്‍ജ്ജിത ശ്രമം ആരോഗ്യവകുപ്പ് നടത്തുന്നതിനിടെയാണ് വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന തരത്തില്‍ ഹൈക്കോടതിയെ സമീപിച്ച് ചിലര്‍ ഉത്തരവ് കരസ്ഥമാക്കിയത്. ഇതും കാമ്പയിന് പ്രതിസന്ധികള്‍ സൃഷ്ടിച്ചു. നവംബര്‍ 10 വരെ വെറും 55 ശതമാനം പേര് മാത്രമാണ് കുത്തിവെപ്പെടുത്തത്. 80 ശതമാനത്തിലേക്ക് എത്തിക്കാനായി കാമ്പയിന് ഇന്ന് വരെ നീട്ടുകയായിരുന്നു. പക്ഷേ മലപ്പുറത്ത് ഇപ്പോഴും 70 ശതമാനത്തിലേക്ക് എത്തിയതേയുള്ളൂ. മലപ്പുറത്തിന് മാത്രമായി ഇനിയും തീയതി നീട്ടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: