പത്തനംതിട്ട: ശബരിമല തീര് ത്ഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പ്രധാന ഇടത്താവളമായ വടശേരിക്കരയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വിമുഖത കാട്ടുന്നതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
വഴിവിളക്കുകള്‍ പോലും കത്തിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഇതുവരെ നടപടിസ്വീകരിച്ചിട്ടില്ല. ടൗണിലെ കൂരിരുട്ടാണ് അയ്യപ്പന്മാരെ കൂടുതല്‍ വലയ്ക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചമാണ് ഏകആശ്രയം. രാത്രി എട്ടു മണിയോടെ കടകള്‍ അടച്ചു കഴിഞ്ഞാല്‍ വടശേരിക്കര ടൗണ്‍ കൂരിരുട്ടിലാകും.
തിരക്കേറിയ റോഡ് കൂരിരുട്ടില്‍ മുറിച്ചു കടക്കേണ്ടിവരുന്നത് അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇതര സംസ്ഥാനക്കാരടക്കം നിരവധി തീര്‍ത്ഥാടകരാണ് ദിവസവും വടശ്ശേരിക്കരയിലെ ഇടത്താവളത്തില്‍ എത്തുന്നത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട പഞ്ചായത്തു ഭരണ സമിതി യാതൊരു ഇടപെടലുകളും നടത്താന്‍ തയ്യാറാകുന്നുമില്ല.
രണ്ടു പൊക്കവിളക്കുകളാണ് ടൗണില്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാ ല്‍ ഇവരണ്ടും പ്രകാശിക്കുന്നില്ല. ഒരെണ്ണം എംഎല്‍എ ഫണ്ടുപയോഗിച്ചും, മറ്റൊരെണ്ണം എംപി ഫണ്ട് ഉപയോഗിച്ചുമാണ് നിര്‍മ്മിച്ചത്. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അതാത് ജനപ്രധിനിധികളാണെന്നാണ് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ വൈദ്യുതി നിരക്ക് നല്‍കേണ്ടത് പഞ്ചായത്താണ്. ഉയര്‍ന്ന വൈദ്യുതി ബില്ല് പഞ്ചായത്തിന് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താലാണ് പൊക്കവിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതെന്നാണ് അറിയുന്നത്. മുന്‍ കാലങ്ങളില്‍ ആറോളം സോഡിയം ലൈറ്റുകളാണ് ടൗണില്‍ വെളി ച്ചം പരത്തിയിരുന്നത്.
പൊക്കവിളക്കുകള്‍ സ്ഥാപിച്ചതോടെ ഇവ ടൗണില്‍ നിന്ന് മാറ്റി മറ്റിടങ്ങളില്‍ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലെ മറ്റ് തെരുവുവിളക്കുകളും പ്രവര്‍ത്തനരഹിതമാണ്. പല ഇടങ്ങളിലും സോളാര്‍ ലാമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ വെളിച്ചം ലഭിക്കുന്നില്ല. ശബരിമല ഇടത്താവളത്തിന്റെ പേരില്‍ താരതമ്യേന കൂടുതല്‍ സര്‍ക്കാര്‍ഫണ്ട് ലഭിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വടശേരിക്കര. എന്നിട്ടും ശബരിമല തീര്‍ത്ഥാടകരെ അവഗണിക്കുന്ന നിലപാടാണ് ഭരണസമിതി സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: