പത്തനംതിട്ട: പ്രചാരത്തിലിരുന്നപ്പോള് തുച്ഛമായ മുല്യമായിരുന്നെങ്കിലും ഇന്നവര്‍ അന്നത്തെക്കാള്‍ നൂറും ആയിരവും മടങ്ങ് മുല്യമുള്ളവരായിമാറി. പഴയകാല നാണയങ്ങളും നോട്ടുകളുമാണ് മോഹവിലയുമായി വാങ്ങാനെത്തുന്നവരെ മോഹിപ്പിക്കുന്നത്. പത്തനംതിട്ട ടൗണ്‍ഹാളില്‍ ആരംഭിച്ച സ്റ്റാമ്പ്, നാണയം, പുരാവസ്തു പ്രദര്‍ശനത്തിലാണ് അപൂര്വ്വമായശേഖരങ്ങള് കാണാനും ഒട്ടൊക്കെ വിലകൊടുത്ത് സ്വന്തമാക്കാനും സൗകര്യമുള്ളത്.ജില്ലാ ഫിലാറ്റലിക് ആന്‍ഡ് നൂമിസ്മാറ്റിക് അസോസിയേഷന് ആണ് പ്രദര്ശനവില്പനമേള സംഘടിപ്പിച്ചിരിക്കുന്നത്.ടൗണ്‍ ഹാളിന് ഉള്ളില്പ്രദര്ശനം ഒരുക്കിയിരിക്കുന്നു. പുറത്ത് പുരാവസ്തുക്കളുടെയും പഴയനോട്ടുകളുടെയുംനാണയങ്ങളുടേയും വില്പനയും നടക്കുന്നു.
മേളയിലെ ചിലവിശേഷങ്ങള് ഇങ്ങനെ. ആദ്യകാല ഒരു രൂപ നോട്ടിനു 40 രൂപ വരെവിലവരും.
ആദ്യകാലത്തെ ചില നോട്ടുകള്‍ക്ക് 7000 രൂപ വിലയുണ്ട്.അഞ്ച് രൂപ നാണയത്തിന് 7500രൂപയാണ് മോഹവില. 2010ല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 1000 രൂപയുടെ നാണയത്തിനു ഇന്നിപ്പോള്‍ 10,000 മുതല്‍ 12,000 രൂപവരെ വിലവരുമെന്നാണ് നാണയശേഖരണം വിനോദമാക്കിയവര്‍ പറയുന്നു. തഞ്ചാവൂര്‍ ബൃഹദേശ്വരി ക്ഷേത്രത്തിനുവേണ്ടി പുറത്തിറക്കിയ നാണയമാണിത്. ഇതു പുറത്തിറക്കിയപ്പോള്‍ 4475 രൂപയ്ക്കാണ് റിസര്‍വ് ബാങ്ക് ആവശ്യക്കാര്‍ക്കു നല്കിയതത്രേ.വെസ്റ്റ് ഇന്‍ഡീസ് രാജ്യങ്ങളില്‍ പുറത്തിറങ്ങിയ സ്വര്ണനോട്ട് 23 കാരറ്റ് സ്വര്ണത്തിലുള്ളതാണ്. ഈ നോട്ടിന്റെ മൂല്യം1000 ഡോളറാണ്.
പണ്ടത്തെ സൈക്കിള്‍ ലൈറ്റ്, മണ്ണെണ്ണഉപയോഗിച്ച് കത്തിക്കുന്ന വിവിധതരത്തിലുള്ള ഓട്ടുവിളക്കുകള്‍, ഓടില്‍ തീര്‍ത്ത കിണ്ടികള്‍, പഴയകാല ഗ്രാമഫോണുകള്‍, താളിയോലകള്‍, നാലുദിക്കിലേക്കും തിരിയിടാവുന്ന ദിശാകാവല് വിളക്ക്, പ്രമാണങ്ങളുംമറ്റ് വിലപിടിപ്പുള്ള രേഖകളുംസൂക്ഷിക്കുന്ന തടിയില്‍ തീര്‍ത്ത കുഴല്പെട്ടി, തുടങ്ങി പുതുതലമുറയ്ക്ക് അന്യമായ ധാരാളം വസ്തുക്കള്‍ പ്രദര്‍ശനത്തിനും വില്പനയ്ക്കുമുണ്ട്. വിവിധരാജ്യങ്ങളിലെ നോട്ടുകള്‍ക്ക് പുറമ വിവിധതരം സ്റ്റാമ്പുകളും പ്രദര്‍ശനത്തിലുണ്ട്. വിവിധ സെക്ഷനുകളായി തിരിച്ചാണ് പുരാസാധനങ്ങള് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. താളിയോലയില്‍ എഴുതി ചേര്‍ത്ത രാമായണം, വിവിധ തരം കാമറകള്‍, വിവിധ കമ്പനികളുടെ വാച്ചുകള്‍, ആദ്യകാല പേനകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ. കെ. മാത്യു, ലത വില്‍സണ്‍, സെമിന് സാം, ആര്. ഷൈന്‍, സിബി മുള്ളനിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: