മികവുള്ളവരെ മരണശേഷം വാഴ്ത്തുന്നതിലും നല്ലത് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആദരിക്കുന്നതാണ്. അതിന് ഏറ്റവും യോഗ്യം അവരുടെ ജന്മദിനമാണ്. അവര്‍ ജീവിക്കുന്ന കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന അഭിമാനമാണ് അതിലൂടെ നാം പ്രഖ്യാപിക്കുന്നത്.
പ്രഗല്ഭ ഇന്ത്യന്‍ നടന് അമോല്‍ പലേക്കറിന്റെ ജന്മദിനമാണ് നവംബര്‍ 24. അഭിനയത്തികവുകൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈ നടന് ഇന്ന് 73 വയസ്. സാധാരണ ബഹുമുഖപ്രതിഭയെന്നു അലങ്കാര പദങ്ങള്‍കൊണ്ട് നമ്മള് വിശേഷിപ്പിക്കുന്നതിലും അപ്പുറമാണ് അമോല്‍ പലേക്കര്‍ എന്ന ജീനിയസ്. ബോളിവുഡിലെ വന്‍കിട മസാല ചിത്രങ്ങളിലെ നായകനടന്മാരും സംവിധായകരും വാനോളം ആഘോഷിക്കപ്പെടുമ്പോള്‍ അതിനുമപ്പുറം പോകാനുള്ള ആസ്വാദനനിലവാരവും മറ്റും പൊതുവെ പ്രേക്ഷകര്‍ക്ക് ഇല്ലാത്തതിനാലാവണം അമോല്‍ പലേക്കറെപ്പോലുള്ളവര്‍ അത്രയ്ക്കങ്ങ് ആരുമറിയാതെ ചുരുക്കപ്പെടുന്നത്.
ആ ചുരുക്കം നിലവാരത്തിന്റെ മാനദണ്ഡങ്ങളില്‍ ഒരുപക്ഷേ ഒന്നാണെന്നും വരാം. പെയിന്റര്‍, നടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മാനങ്ങളുള്ള പലേക്കര്‍ വാര്‍ധക്യത്തിലും സ്വന്തം മേഖലയില്‍ ചെറുപ്പമായിത്തന്നെയിരിക്കുന്നു. വിവിധ രംഗങ്ങളില്‍ വേറിട്ട പാദമുദ്ര ചാര്‍ത്തി കടന്നുപോകുന്ന പലേക്കര്‍ മറാത്തി കലകളുടെ തട്ടകത്തില്‍നിന്നും തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ്. 1944 ല്‍ ബോംബെയില്‍ ജനിച്ച അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ തുടക്കം പെയിന്റെറായിട്ടായിരുന്നു. നിരവധി വ്യക്തിഗത പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ പലേക്കര്‍ നടത്തി.
പുതുമയുടെ അവാങ് ഗാര്‍ഡ് പ്രസ്ഥാനം ഇന്ത്യന്‍ തിയറ്ററില്‍ പരീക്ഷിച്ചവരില്‍ പ്രധാനിയാണ് അമോല്‍ പലേക്കര്‍. 1967 ല്‍ തുടങ്ങി മറാത്തിയിലും ഹിന്ദിയിലും അദ്ദേഹം നടനായും സംവിധായകനായും നിര്‍മാതാവായും ഈ രംഗത്തുണ്ട്. അവിടന്നുനേടിയ പ്രാഗത്ഭ്യവും മികവുമാണ് അമോല്‍ പലേക്കറെ ഹിന്ദി സിനിമയിലെത്തിച്ചത്. 70 മുതല്‍ രണ്ടു പതിറ്റാണ്ടോളം മികച്ച നടന് എന്ന നിലയില്‍ വലിയ ആദരവും അനവധി പുരസ്ക്കാരങ്ങളും നേടി. ഫിലിം ഫെയര്‍ അവാര്‍ഡും ആറു തവണ സംസ്ഥാന അവാര്‍ഡും . ജീവനുള്ള കഥാപാത്രങ്ങള്‍കൊണ്ട് പരിചിതനായ തൊട്ടടുത്ത ആള് എന്ന പ്രതീതിയാണ് ഈ നടന് ജനിപ്പിച്ചത്. മറാത്തി കൂടാതെ ബംഗാളി, മലയാളം, കന്നഡ എന്നീഭാഷകളില്‍ അഭിനയിച്ച പലേക്കറുടെ മലയാള ചിത്രം ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ഒാളങ്ങള്‍ ആണ്. ചെയ്ത സിനിമകള്‍ എണ്ണംകൊണ്ട് കുറവായിരുന്നു, 50 ഓളം.പക്ഷേ അതിലെ വേഷങ്ങളുടെ വൈജാത്യം പലേക്കറെ ഇന്ത്യന്‍ നടനാക്കി.
മറാത്തി സിനിമയില്‍ സത്യദേവ് ദുബേ തുടങ്ങി വെച്ച പരിഷ്ക്കരണ കളരിയിലൂടെ 71 ലായിരുന്നു അമോല്‍ പലേക്കറുടെ അരങ്ങേറ്റം. പിന്നീട് ബാസു ചാറ്റര്‍ജിയുടേയും ഋഷികേശ് മുഖര്‍ജിയുടേയും സിനിമകള്‍. അഭിനയത്തിനു പകരം സ്വാഭാവിക പെരുമാറ്റങ്ങളിലൂടെ കഥാപാത്രങ്ങളെ ഭദ്രമാക്കിയ ഒരു നടനെ പ്രേക്ഷകര്‍ പരിചയപ്പെടുകയായിരുന്നു. സാധാരണക്കാരായ കാണികളുടെ അപരന്മാരുടെ വേഷമായിരുന്നു മിക്കതും. സാഹചര്യ സമ്മര്‍ദങ്ങളുടെ തിണര്‍പ്പിലുഴലുന്ന ചെറുപ്പത്തിന്റെ വേദനയും തൊഴിലില്ലായ്മയുമൊക്കെ പേറുകയായിരുന്നു പലേക്കറുടെ കഥാപാത്രങ്ങള്‍.
ഇടപെട്ട ഇടങ്ങളിലെല്ലാം തന്നെ അടയാളപ്പെടുത്തിയ പലേക്കര്‍ 1986ല്‍ അഭിനയം മതിയാക്കി പൂര്‍ണ്ണമായും നിര്‍മ്മാണത്തിലേക്കു തിരിയുകയായിരുന്നു. സിനിമയില്‍ എന്നപോലെ ടെലിവിഷന്‍ രംഗത്തും പലേക്കര്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തി. കാണികള്‍ കൊണ്ടാടിയ നിരവധി സീരിയലുകള്‍ അദ്ദേഹം നിര്‍മ്മിച്ചു. മൃഗനയനി മാത്രം മതി പലേക്കറുടെ ഈ രംഗത്തെ കഴിവ് തെളിയിക്കാന്‍. ഒരു സിനിമാക്കാരനില്‍ മാത്രം ഒതുങ്ങാതെ അത്തരം ആഡംബര തൊങ്ങലില്‍ നിന്നും തെന്നിമാറാനുള്ള ചങ്കുറപ്പാണ് യഥാര്‍ഥ അമോല്‍ പലേക്കറെ സൃഷ്ടിച്ചത്.
സാമൂഹ്യമായി ഇടപെടലുകള്‍ സജീവമാണ്.സ്ത്രീ ശാക്തീകരണം,ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വലിയൊരു വിസ്തൃതിയിലാണ് ഇപ്പഴും പലേക്കര്‍.അതെ,ഒരു ജന്മംകൊണ്ട് പല ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: