തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ശീവേലിക്കിടെ ആന ഇടഞ്ഞത് പരിഭ്രാന്തിയുണ്ടാക്കി. ഇന്നലെ രാവിലെ ഭഗവാന്റെ കോലം എഴുന്നള്ളിച്ച നന്തിലത്ത് ഗോപാലകൃഷ്ണന് എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ 9.30 നാണ് സംഭവം.
നടപ്പന്തലില്‍ നിന്ന് ഭഗവാന്റെ കോലം എഴുന്നള്ളിച്ച ആനയുടെ ചിത്രം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയപ്പോള്‍ ഫ്ളാഷ് ലൈറ്റുകള്‍ മിന്നിയതാണ് പ്രകോപനത്തിന് കാരണം. ഭയന്ന് വിറച്ച ആന കിഴക്കേ നടയിലൂടെ റോഡിലേക്ക് അമ്പത് മീറ്ററോളം ദൂരം ഓടുകയായിരുന്നു. ഈ സമയം ആനയുടെ മുകളില്‍ ഭഗവാന്റെ കോലവുമായി ദിനേശന് എമ്പ്രാന്തിരിയും വെള്ളി കുടയുമായി വാസു എമ്പ്രാന്തിരിയുമുണ്ടായിരുന്നു. ശീവേലി തൊഴാന്‍ എത്തിയ ഭക്തജനങ്ങള്‍ ഒരു മണിക്കൂറോളം ഭയാശങ്കയിലായി.
കിഴക്കേ ഗോപുര നട വഴി പുറത്തേക്ക് ഓടിയ ആനയെ ഒന്നാം പാപ്പാന് വിനയന് അനുനയിപ്പിച്ചു. റോഡില്‍ നിന്നും കിഴക്കേ ഗോപുരനട വഴി നടപ്പന്തലില്‍ എത്തിച്ച് ആനപ്പുറത്ത് ഉണ്ടായ ഭഗവാന്റെ കോലവും എമ്പ്രാന്തിരിമാരേയും താഴെ ഇറക്കി. പിന്നീട് ആനയെ തളച്ചു. മറ്റു ആനകളുടെ പാപ്പാന്മ്മാരും സഹായത്തിനുണ്ടായിരുന്നു. ആന യാതൊരു വിധ ഉപദ്രവമോ നാശനഷ്ടമോ ഉണ്ടാക്കിയില്ല.
ആനയെ ക്ഷേത്രത്തിന് പുറത്ത് എത്തിച്ച് ലോറിയില്‍ കയറ്റി തൃശ്ശൂരിലേക്ക്് കൊണ്ടുപോയി. വെറ്റിനറി ഡോക്ടര്‍ തരകന്റെ നേതൃത്വത്തില്‍ വൈദ്യസംഘം ആനയെ പരിശോധിച്ചു.
ആനയ്ക്ക് മദപ്പാടില്ലെന്നും മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.എന്‍. ഉണ്ണികൃഷ്ണന്, തൃപ്പണിത്തുറ സിഐ പി.എസ്. ഷിജു, എസ്ഐ എസ്.സനല്‍ എന്നിവര്‍ സ്ഥലത്തെത്തി. ശുദ്ധീകരണത്തിനുശേഷം ക്ഷേത്രച്ചടങ്ങുകള്‍ പതിവുപോലെ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: