ചേര്‍ത്തല: കളക്ടറുടെ നിര്‍ദ്ദേശത്തിന് പുല്ലുവില. ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് നഗരവാസികള്‍. കാല്‍നൂറ്റാണ്ടിന് മുന്‍പ് ആവിഷ്‌ക്കരിച്ച ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ നാളിതുവരെയായിട്ടും അധികൃതര്‍ക്ക് സാധിച്ചില്ല.
നഗരസഭ ചെയര്‍മാന്‍, ഡിവൈഎസ്പി, ഗതാഗതവകുപ്പ് അധികൃതര്‍, വ്യാപാരിസംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗതാഗത ഉപദേശകസമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് വിമര്‍ശനം. വണ്‍വേ സംവിധാനം ഒരുക്കിയിട്ടുള്ള മൂനോളം റോഡുകള്‍ നഗരത്തിലുണ്ടെങ്കിലും ഇവയെ കുറിച്ച് അധികൃതര്‍ക്ക് പോലും കൃത്യമായി അറിയില്ലെന്നതാണ് വാസ്തവം.
കോടതിക്കവല, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം അനധികൃതപാര്‍ക്കിങ് മൂലം ഗതാഗതക്കുരുക്ക് പതിവാണ്. എറണാകുളം ഉള്‍പ്പെടെ മറ്റുജില്ലകളില്‍ ജോലിക്ക് പോകുന്നവര്‍ സ്റ്റാന്‍ഡിന് എതിര്‍വശം റോഡ് സൈഡിലാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്.
പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഇത് അനുസരിക്കാറില്ല. സേവനസ്പര്‍ശം അദാലത്തിനായി എത്തിയ ജില്ലാകളക്ടര്‍ക്ക് നഗരത്തിലെ അവസ്ഥ ചൂണ്ടിക്കാട്ടി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് നഗരസഭ ചെയര്‍മാനും, ഡിവൈഎസ്പിക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിര്‍ദ്ദേശം ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഗതാഗത ഉപദേശക സമിതി യോഗം വിളിച്ചുകൂട്ടാന്‍ അധികൃതര്‍ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
















