ചോറുതോണി(ഇടുക്കി): ഇടുക്കി എംപി ജോയിസ് ജോര്‍ജ് കൊട്ടാക്കമ്പൂരില്‍ ഭൂമി കൈയേറിയത് തെളിഞ്ഞ സ്ഥിതിക്ക് എംപി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ചെറുതോണിയില്‍ ബിജെപി സംഘടിപ്പിച്ച എംപി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാരെ മറയാക്കി ജോയിസ്ജോര്ജ് ഏക്കറ് കണക്കിന് ഭൂമി കൈയേറിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് തുടരാന്‍ യോഗ്യതയില്ല. കൈയേറ്റങ്ങള്ക്കുവേണ്ടി സര്‍വ്വീസ് സഹകരണബാങ്കുകള്‍ വായ്പകള്‍ നല്കുന്ന സ്ഥിതിയാണ് ഇടുക്കിയിലുള്ളത്. കൈയേറ്റവിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കും.
ബിജെപി സംസ്ഥാനസമിതി അംഗം എ.ആര്. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് ബിനു ജെ കൈമള്‍ അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.എ. വേലുക്കുട്ടന്, ശ്രീനഗരി രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. അജി, ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍, നേതാക്കളായ പി.ആര്. വിനോദ്, ബിന്ദു അഭയന്, സുരേഷ് മീനച്ചേരില് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: