ആലപ്പുഴ: കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ധ്വജസംഹാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കഴിഞ്ഞ മൂന്നു ദിവസമായി തന്ത്രി കുര്യാറ്റുപുറത്തില്ലത്ത് കെ.ഇ. നാരായണന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ധ്വജ ജീവോദ്വസന ക്രിയകള്‍ ഇന്നലെ രാവിലെയോടെയാണ് ആരംഭിച്ചത്. സംഹാര തത്വഹോമവും തുടര്‍ന്ന് ധ്വജത്തിന്റെയും വാഹനത്തിന്റെയും ജീവോദ്വാസന ജീവകലശം ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ചു. ജീവ കലശാഭിഷേകവും നവകാഭിഷേകത്തിന്റെയും ശേഷം വാഹനവും പറകളും അഴിച്ചുമാറ്റാന്‍ ആരംഭിച്ചു. രാവിലെ തുടങ്ങിയ ധ്വജം നീക്കല്‍ ചടങ്ങ് രാത്രി പത്തേകാലോയോടെയാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ധ്വജ സംഹാരം നടന്നു. പഴയ ധ്വജത്തില്‍ നിന്ന് ദേവീചൈതന്യം ആവാഹിച്ച് ശ്രീലകത്ത് സന്നിവേശിപ്പിച്ച ശേഷം പഴയ തടി പിഴുതെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് തടി അഗ്നിയില്‍ ദഹിപ്പിക്കുന്ന ചടങ്ങ് നടന്നു. 121 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു കൊടിമരത്തിന്. വാഹനം, പത്മം, വേദിക, കൂടാതെ 30 പറയാണ് കൊടിമരത്തിലുണ്ടായിരുന്നത്. അടുത്ത രണ്ടു തലമുറയ്‌ക്ക് ശേഷം മാത്രമേ ഇനി ഈ ചടങ്ങുകള്‍ ദര്‍ശിക്കാന്‍ ഭക്തര്‍ക്കു കഴിയൂ. ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു.
















