പാലക്കാട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമണം തടയുന്നതിനുള്ള പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ഭയ ഷെല്‍റ്റര്‍ ഹോം വെല്‍ഫയര്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നുണ്ട്.
പോക്സോ കേസുകള്‍ക്ക് മാത്രമായുള്ള സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സഹായം ഇക്കാര്യത്തില്‍ ആവശ്യപ്പെടും. പീഡനത്തിന് ഇരയായവര്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം ഉറപ്പാക്കും. ഗര്‍ഭിണികളായ കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഡി.എം.ഒ., ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവരുടെ സഹായം തേടും. കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനും തൊഴില്‍ നൈപുണ്യം വികസിപ്പിക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശീലന പരിപാടികള്‍ ആരംഭിക്കും.
വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ പീഡനത്തിനിരയാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, എസ്.സി. പ്രമോട്ടര്‍മാര്‍ എന്നിവരുടെ സഹായം തേടും. സ്ഥാപനത്തിന് സ്വന്തമായി വാഹനം വാങ്ങുന്നതിനായി ബന്ധപ്പെട്ട എം.പി, എംഎല് എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ആവശ്യപ്പെടാനും ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സാമൂഹികനീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് പീഡനത്തിനിരകളായ പെണ്‍കുട്ടികളുടെ പുനരധിവാസത്തിനായാണ് അകത്തേത്തറയില്‍ നിര്‍ഭയ ഷെല്‍റ്റര്‍ ഹോം നടത്തുന്നത്.
കേരള മഹിളാ സമഖ്യ സൊസൈറ്റിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 35 കുട്ടികളാണ് നിലവില്‍ നിര്‍ഭയയുടെ സംരക്ഷണത്തില്‍ കഴിയുന്നത്. വിദ്യാഭ്യാസം, നിയമസഹായം, തൊഴില്‍ പരിശീലനം, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നിവ പീഡനത്തിനിരയായ കുട്ടികള്‍ക്ക് നിര്‍ഭയയിലൂടെ ലഭിക്കും. ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: