തൃപ്പൂണിത്തുറ: പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഭക്തജനപ്രവാഹം. മൂന്നാം ഉത്സവമായ ഇന്നലെ വൈകിട്ട് നടന്ന മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത് മാരാര്‍, മട്ടന്നൂര്‍ ശ്രീരാജ് മാരാര്‍ എന്നിവരുടെ തൃത്തായമ്പക ആസ്വദിക്കാന്‍ നിരവധി മേളപ്രേമികള്‍ ക്ഷേത്രമുറ്റത്ത് തടിച്ചുകൂടി. നാലുപതിറ്റാണ്ടിന്റെ കലാവൈഭവുമായി വെച്ചൂര്‍ രമാദേവി പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഇത്തവണയും ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു.
വൃശ്ചികോത്സവത്തിലെ പ്രധാനമായ തൃക്കേട്ട പുറപ്പാട് ഉത്സവവും തൃക്കേട്ട ഭര്ശനവും സ്വര്‍ണക്കുടത്തില്‍ കാണിക്കയിടലും ഇന്ന് രാത്രി 8 മുതല്‍ 11:30 വരെ നടക്കും. തൃക്കേട്ട നാളില്‍ ഉത്സവത്തിനെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് ഭഗവാന് എഴുന്നള്ളിച്ചു നിന്ന ആനകളുടെ പുറത്ത് ഓടിക്കളിക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ ദര്‍ശനം നല്‍കിയതിന്റെ ഐതിഹ്യത്തിലാണ് തൃക്കേട്ട പുറപ്പാടും സ്വര്‍ണകുടത്തില്‍ കാണിക്കയിടലും നടക്കുന്നത്.
തൃക്കേട്ട പുറപ്പാടു നാളില്‍ ഭഗവാനെ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിക്കും. വൈകിട്ട് ദീപാരാധനക്കു ശേഷം വിളക്കിനെഴുന്നള്ളിച്ച് മൂന്ന് ആന പ്രദക്ഷിണത്തിനു ശേഷം ആന പന്തലില്‍ കൂട്ടി എഴുന്നള്ളിപ്പിന് ശേഷം വലിയ മൂത്തതിന്റെ സാന്നിധ്യത്തില്‍ മേനോക്കിയുടെ അനുവാദം വാങ്ങി സ്വര്‍ണക്കുടം വയ്ക്കും. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം ആദ്യം കാണിക്ക അര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും കാണിക്ക അര്‍പ്പിക്കും. കാണിക്ക അര്‍പ്പിക്കുന്ന ചടങ്ങ് ആറാട്ടുവരെ നീണ്ടു നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: