മഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയിലായി. മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ വാണിജ്യ നികുതി ഓഫീസര്‍ വി.പി.യൂസഫാണ് അറസ്റ്റിലായത്. മൊറയൂര്‍ സ്വദേശി വി.അബ്ദുറഹ്മാന്(47) നോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ വിജിലന്‍സ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവുമാണ് ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടിയത്.
മഞ്ചേരിയില്‍ കമ്പ്യൂട്ടര്‍ വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്ന അബ്ദുറഹിമാന് 2010-2011 വര്‍ഷത്തില്‍ വാറ്റ് നികുതി ഫയല്‍ ചെയ്തതില്‍ 3,53,41,750 രൂപയാണ് വിറ്റുവരവ് കാണിച്ചിരുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നും 3,94,90,940 രൂപ വിറ്റുവരവുണ്ടെന്നും അധികൃതര്‍ കണ്ടെത്തി.
അധികമായി കണ്ടെത്തിയ 41,49,190 രൂപയ്ക്ക് നാല് ശതമാനം നികുതിയും സെസ്സും പലിശയും അടവാക്കണമെന്ന് വാണിജ്യ നികുതി ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥന് കൈക്കൂലിയായി ലാപ്ടോപ് ആവശ്യപ്പെട്ടെന്നാണ് പരാതി.
60.000 രൂപയുടെ ലാപ്ടോപ്പാണ് യൂസഫ് ആവശ്യപ്പെട്ടതെന്ന് സ്ഥാപനയുടമ അബ്ദുറഹ്മാന് പറയുന്നു. 20 ലാപ്ടോപ്പ് വിറ്റാല്‍ ഒരു ലാപ്ടോപ്പ് സൗജന്യമായി ലഭിക്കില്ലെ എന്ന് ചോദിച്ചാണ് ഓഫീസര്‍ വിലപേശിയത്. ലാപ്ടോപ്പ് നല്‍കാനാവില്ലെന്നറിയിച്ചപ്പോള്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന് സമയം ചോദിച്ച ശേഷം അബ്ദുറഹ്മാന് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം ഫിനാഫ്ത്തലിന്‍ പുരട്ടിയ രണ്ടായിരത്തിന്റെ അഞ്ച് കറന്‍സികളുമായി അബ്ദുറഹ്മാന് വാണിജ്യ നികുതി ഓഫീസിലെത്തി തുക വി പി യൂസഫിന് കൈമാറുകയും ചെയ്തു. ഉടന്‍ താഴെ കാത്തിരുന്ന വിജിലന്‍സ് സംഘം ഓഫീസിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഗസറ്റഡ് ഓഫീസര്‍മാരായ മലപ്പുറം ഡിഡിഇ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് സി.പി.സലിം, പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ നൂറുദ്ദീന്‍ ഏലച്ചോല എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: