മണ്ണാര്‍ക്കാട്: കാട് കയറ്റിയ കാട്ടാനകള്‍ വീണ്ടും നാട്ടിലിറങ്ങി തിരുവിഴാംകുന്ന് കരടിയോട്ടില്‍ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
കാട്ടാനകള്‍ ഇറങ്ങിയ വിവരം വനപാലകരെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വനപാലകര്‍ കാടുകയറ്റിയ കാട്ടാനകള്‍ വീണ്ടും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കല്‍ തുടങ്ങി. കരടിയോട്ടില്‍ ആയിരത്തോളം വാഴകള്‍ നശിപ്പിച്ചു.
വെട്ടിക്കാട്ടില്‍ വാസു, പാലോളി അബ്ബാസ്, ആലയന് മജീദ്, പുളിക്കല്‍ അബ്ബാസ്, പാര്‍ളിയില്‍ മാനു, ഷാഫി എന്നിവരുടെ വാഴകളാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് കാട്ടാനകളെ കൃഷിയിടങ്ങളില്‍ നിന്നും തുരത്തിയത്. ഉച്ചയോടെ സ്ഥലത്തെത്തിയ വനപാലകരെ തക്കസമയത്ത് പ്രതികരിക്കാത്തതിന്റെ പേരില്‍ ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഇനിയും വനപാലകര്‍ ഈ നിലപാട് തുടര്‍ന്നാല്‍ ശക്തമായ സമരവുമായി നാട്ടുകാര്‍ രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി. കാട്ടാനകള്‍ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.
ജനവാസകേന്ദ്രത്തിലിറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിന് അടിയന്തിര നടപടി വേണമെന്നും ശാശ്വത പരിഹാരത്തിനായി വൈദ്യുത കമ്പിവേലിയോ മറ്റ് ഉപാധികളോ ഉടന്‍ നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: