കല്‍പ്പറ്റ:വയനാട്ടിലെ പ്രകൃതിദത്ത ഉറവകളില്‍ 70 ശതമാനവും അപ്രത്യക്ഷമായി. തോടുകള്‍, പുഴകള്‍ എന്നിവയുടെ ഓരങ്ങളില്‍ 1210 കിലോമീറ്റര്‍ നീളത്തില്‍ സസ്യവൃക്ഷാവരണം നഷ്ടമായതായും പഠനം.തോടുകളുടെയും പുഴകളുടെയും ഉദ്ഭവസ്ഥാനങ്ങളില്‍ ഉണ്ടായിരുന്നതില്‍ മൂന്നിലൊന്നിലും അധികം നീര്‍ച്ചാലുകളാണ് ഇല്ലാതായി. 585 കിലോമീറ്റര്‍ നീളത്തില്‍ തോടുകളുടെയും പുഴകളുടെയും ഓരങ്ങള്‍ മണ്ണിടിച്ചിലിനു വിധേയമാകുകയാണ്. തോടുകള്ക്കകത്ത് രൂപപ്പെട്ട മണ്‍തിട്ടകളും തുരുത്തുകളും തോടുകളുടെ ഗതി മാറുന്നിതിനും കൃഷിനാശത്തിനും പാരിസ്ഥിതിക ആഘാതത്തിനും കാരണമായി. ശേഷിക്കുന്ന പ്രകൃതിദത്ത ഉറവകളുടെ ജലനിര്‍ഗമനശേഷി കുറഞ്ഞു. കബനി നീര്‍ത്തടത്തിന്റെ ഉദ്ഭവസ്ഥാനങ്ങളിലെ വനം, പ്ലാന്റേഷനുകള്‍, ഇതര കൃഷിഭൂമികള്‍ എന്നിവയ്ക്ക് മൂല്യശോഷണം സംഭവിച്ചു. മഴക്കാലങ്ങളില്‍ മാത്രം വെള്ളം കെട്ടിനില്‍ക്കുന്നതാണ് ജില്ലയിലെ 26.80 ശതമാനം(43840 ഹെക്ടര്‍) ഭൂപ്രദേശം. ചതുപ്പുകളുടെ ശോഷണം നദികളുടെ ശോഷണത്തിനു ഇടയാക്കുകയാണ്. കൃഷിയിടങ്ങള്‍, പ്ലാന്റേഷനുകള്‍, വനം എന്നിവയിലെ വൃക്ഷമേല്‍ച്ചാര്‍ത്തിന്റെ സാന്ദ്രതയില്‍ ശോഷണം സംഭവിച്ചു. വനപ്രദേശങ്ങള്‍ പ്ലാന്റേഷനുകളായി മാറിയത് ജലസ്രോതസുകളെ ദുര്‍ബലമാക്കുകയാണ്.
വനാതിര്‍ത്തിയില്‍ നിര്‍മിക്കുന്ന കാട്ടാന പ്രതിരോധ കിടങ്ങുകള്‍ വരള്‍ച്ചയെ ത്വരിതപ്പെടുത്തുന്നു.കബനി തടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള സമഗ്ര പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനായി വയനാട് ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.യു. ദാസ് നടത്തിയ ആറ് മാസത്തോളം നീണ്ട പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. 1,38,851 ഹെക്ടര്‍ കരയും 24,919 ഹെക്ടര്‍ വയലും ഉള്‍പ്പെടെ 1,63,570 ഹെക്ടറാണ് വയനാടിന്റെ ഭൂവിസ്തൃതി. 2354.70 മില്ലീമീറ്റാണ് ശരാശരി വര്‍ഷപാതം. 2720 നീര്‍ച്ചാലുകളാണ് ജില്ലയില്‍. 3248.75 കിലോമീറ്ററാണ് ഇവയുടെ ആകെ നീളം. നീര്‍ച്ചാലുകളുടെ ഫ്രീക്വന്‍സി ചതുരശ്ര കിലോമീറ്ററിനു 2.45 എണ്ണവും സാന്ദ്രത ചതുരശ്ര കിലോമീറ്ററിനു 1.98 കിലോമീറ്ററുമാണ്.
98.1 ടി.എം.സിയാണ് കബനി നദീതടത്തില്‍നിന്നുള്ള നീരൊഴുക്ക്. നദീതടത്തില്‍ 26.38 ശതമാനം(43,150 ഹെക്ടര്‍) ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി നേരിടുന്നതാണ്. 286 ആണ് നദീതടത്തിലെ ജല സംഭരണവുമായി ബന്ധപ്പെട്ട നിര്‍മിതികളുടെ എണ്ണം.
358 മാലിന്യ ഉറവിട കേന്ദ്രങ്ങളും നദീതടത്തിലുണ്ട്. വര്‍ഷത്തില്‍ 108 ദിവസം മുതല്‍ 154 ദിവസം വരെയാണ് മഴദിനങ്ങള്‍. ബാവലി പുഴ, മാനന്തവാടി പുഴ, പനമരം പുഴ, കന്നാരംപുഴ, കടമാന്‍തോട്, മണിക്കാട് പുഴ എന്നിവയാണ് കബനിയുടെ പ്രധാന കൈവഴികള്‍. കബനിയുടെ ആകെ വൃഷ്ടിപ്രദേശത്തില്‍ 19,176 ഹെക്ടര്‍ ബാവലി പുഴയുടെയും 38,680 ഹെക്ടര്‍ മാനന്തവാടി പുഴയുടെയും 84,977 ഹെക്ടര്‍ പനമരം പുഴയുടെയും തടങ്ങളിലാണ്. 20,737 ഹെക്ടറാണ് മറ്റു പുഴകളുടെ തടങ്ങളില്‍. കബനി തടത്തില്‍ അവശ്യ ജലസേചനത്തിനുള്ള നിര്‍മിതികള്‍ കുറവാണെന്നും പഠനത്തില്‍ കണ്ടതായി ദാസ് പറഞ്ഞു.
കബനി ജലത്തില്‍ ആറ് ടി.എം.സി മാത്രമാണ് ജില്ലയില്‍ ഉപയോഗപ്പെടുത്തുന്നത്. 21 ടി.എം.സി ഉപയോഗിക്കാന്‍ കാവേരി നദീജല തര്‍ക്ക പരിഹാര ട്രിബ്യൂണലിന്റെ അനുമതി ഉണ്ടായിരിക്കെയാണ് ഈ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: