ബത്തേരി: കോഴിക്കോട്- ബംഗളൂരു ദേശീയപാതയിലെ മുത്തങ്ങ ചെക്ക്പോസ്റ്റില്‍ എക്സൈസ് വിഭാഗം പരിശോധന ശക്തമാക്കി. ചെക്ക് പോസ്റ്റിലൂടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ കുഴല്പണക്കടത്തും സ്വര്‍ണക്കടത്തും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്നും 3,31,85,750 രൂപയാണ് എക്സൈസ് പിടികൂടിയത്. കൂടാതെ മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങള്‍, കഞ്ചാവ് തുടങ്ങിയവയും ഇവിടെ നിന്നും പിടികൂടുന്നുണ്ട്.
മുത്തങ്ങയില്‍ ഒരു കിലോമീറ്ററിനുള്ളില്‍ സെയില്‍സ് ടാക്സ്, ഫോറസ്റ്റ്,എക്സൈസ്, ആര്.ടി.ഒ. തുടങ്ങി നാലു വകുപ്പുകളുടെ ചെക്ക് പോസ്റ്റുകള്‍ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും കള്ളപ്പണം ഒഴുകുന്നതിനു യാതൊരു നിയന്ത്രണവും ഇല്ല, രാത്രിയാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ രാവിലെയും രാത്രിക്കും കൂട്ടമായി വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാകുന്നില്ല. ഏതുസമയത്തും അഞ്ചു ഉദ്യോഗസ്ഥന്മാരെയാണ് ഇവിടെ ഡ്യൂട്ടിക്കിടുന്നത്. ഉദ്യോഗസ്ഥരുടെ അപര്യാപ്തത വാഹന പരിശോധനക്ക് വിലങ്ങു തടിയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: