പരപ്പനങ്ങാടി: ധനകാര്യ സ്ഥാപനത്തിന്റെ അനാസ്ഥയെ തുടര്‍ന്ന് ആധാരം നഷ്ടപ്പെട്ട നിര്‍ധന കുടുംബം ദുരിതത്തില്‍.
അരിയല്ലൂര്‍ ശാന്തി ടാക്കീസിന് മുന്‍വശത്തെ മണമ്മല്‍ മുരളീധരന് എന്ന കുട്ടനാണ് കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അധികൃതരുടെ പിടിപ്പുകേട് മൂലം കുടുംബസ്വത്തിന്റെ ആധാരം നഷ്ടമായത്.
രണ്ടാം ക്ലാസില്‍ വെച്ച് പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന മുരളീധരന് വീടിന്റെ സമീപത്ത് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മറച്ച ഷെഡില്‍ കൊല്ലപ്പണിയെടുക്കുകയാണ്. മുരളീധരന്റെ പിതാവ് പരേതനായ മണമ്മല്‍ വേലായുധന് ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്ന് 35 വര്‍ഷം മുമ്പ് 3000 രൂപ വസ്തുവിന്റെ ആധാരം വെച്ച് വായ്പയെടുത്തിരുന്നു.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ മരണശേഷം 2009 മെയ് 20ന് വായ്പാ തുക കുടിശ്ശികയടക്കം എഴുതിതളളിയെന്ന് ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം തുടര്‍നടപടികള്‍ക്കായി കെഎസ്എച്ച്ബി മലപ്പുറം ഡിവിഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ഓഫീസില്‍ നിന്ന് വസ്തുവിന്റെ ആധാരം കൈമോശം വന്നതായി അറിയിച്ചിരുന്നു. തുടര്‍ന്ന് ജൂലായ് 12നും ആഗസ്റ്റ് ഒന്നിനും ആധാരം നഷ്ടപ്പെട്ടതായും അത് ലഭിച്ചില്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുമെന്നും പത്രപ്പരസ്യം നല്കി. ഇതിന് ശേഷം ഈ സ്ഥാപനത്തില്‍ നിന്ന് ആധാരം വീണ്ടെടുത്തു തരുന്നതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല.
വികലാംഗരായ രണ്ടു മക്കളടക്കം വേലായുധന് ആറ് മക്കളാണ്. ഇതില്‍ മുതിര്‍ന്ന മകനായ മുരളീധരന് തന്റെ വൈകല്യത്തിലും തളരാതെ കൊല്ലപ്പണിയെടുത്താണ് പ്രായമായ അമ്മയെയും തന്റെ നാലു മക്കളെയും ഭാര്യയെയും സഹോദരന്മാരെയും സംരക്ഷിക്കുന്നത്. ഇടിഞ്ഞു വീഴാറായ ഓടിട്ട വീട് പുതുക്കിപ്പണിയാന്‍ ബാങ്ക് വായ്പയെടുക്കണമെങ്കില്‍ ആധാരം അത്യാവശ്യമാണ്.
ആകെയുള്ള 19 സെന്റ് കുടുംബ സ്വത്ത് ഭാഗം വെക്കാനും സഹോദരങ്ങള്‍ക്ക് ഒരു കൂരയൊരുക്കാനും മുരളിധരന് ആഗ്രഹമുണ്ടെങ്കിലും കെഎസ്എച്ച്ബിയുടെ നിഷ്ക്രിയത്വം ഈ നിര്‍ധന കുടുംബത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: