പാലക്കാട്:പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലൈഫ് സപ്പോര്‍ട്ടിംഗ് ആംബുലന്‍സ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.ആശുപത്രിയിലെ പോലീസ് എയ്ഡ്പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും രാത്രികാലങ്ങളില്‍ ആംബുലന്‍സ് ഉറപ്പുവരുത്തണമെന്നും കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
ഇക്കഴിഞ്ഞ മേയ് 19 ന് വാഹനാപകടത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയിലെത്തിച്ചയാളെ സ്വകാര്യാശുപത്രിയിലേക്ക് റഫര്‍ ചെയ്തെന്നും ആംബുലന്‍സ് കിട്ടാതെ പരിക്കേറ്റയാള്‍ മരിച്ചെന്നുമുള്ള പരാതിയെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉന്നതതല അനേ്വഷണം നടത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.ജില്ലാ ആശുപത്രിയിലുള്ള മെഡികെയര്‍ സ്ഥാപനത്തിലെ ഔഷധ ലഭ്യതയെ കുറിച്ചും അനേ്വഷിക്കണം.
കമ്മീഷന് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും അനേ്വഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.സംഭവദിവസത്തെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും വാഹനാപകടത്തില്‍ പരിക്കേറ്റയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 2011-12 കാലത്ത് അനുവദിച്ച അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സില്‍ ഒരെണ്ണം ജില്ലാ ആശുപത്രിക്കും മറ്റൊരെണ്ണം കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിക്കും കൈമാറിയിരുന്നു. ഇതിലൊരെണ്ണം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചെടുത്തു. ജില്ലാ ആശുപത്രിയില്‍ ലഭ്യമല്ലാത്ത ചികിത്സകള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്യാറുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടത്തില്‍പ്പെടുന്ന അപരിചിതരെ ആദ്യമെത്തിക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലാണ്.അമൂല്യമായ ജീവന് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക ആംബുലന്‍സുകളും ഔഷധങ്ങളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവ വേണ്ടവിധം ഉപയോഗപ്പെടുത്താതിരിക്കുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന് ചൂണ്ടികാണിച്ചു.
ഉത്തരവ് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പാലക്കാട് ഡി.എം.ഒ ക്കും പോലീസ് മേധാവിക്കും കൈമാറി.പാലക്കാട് മാങ്കാവ് സ്വദേശി റെയ്മെന്റ് ആന്റണി നല്കിയ പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: