തിരുവനന്തപുരം: സിപിഐ-സിപിഎം തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു. വിദേശസന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ കാനം, തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ആര്‍ക്കും കഴിയില്ല. ഓരോ പാര്‍ട്ടിക്കും അതിന്റേതായ അഭിപ്രായങ്ങളുണ്ടാകും. അത് മുന്നണി ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി കാണേണ്ടതില്ല- കാനം പറഞ്ഞു. സിപിഐ മുന്നണി മര്യാദ ലംഘിച്ചെന്ന മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനെ, എന്താണ് മുന്നണി മര്യാദയെന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്ന വാദം കൊണ്ടാണ് കാനം നേരിട്ടത്.
തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ സിപിഐ യോഗം പാര്‍ട്ടി സെക്രട്ടറിയെയാണു ചുമതലപ്പെടുത്തിയത്. ഈ യോഗത്തില്‍ കെ.ഇ.ഇസ്മായിലും പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം സിപിഐ ഒറ്റക്കെട്ടായി എടുത്തതാണെന്നും മുതിര്‍ന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ വിമത പരാമര്‍ശങ്ങളോട് കാനം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: