മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പൂരാഘോഷം പ്രസിദ്ധമാണ്. വള്ളുവനാടിന്റെ ദേശീയോത്സവമാണ് തിരുമാന്ധാംകുന്നിലെ പൂരം. ആഘോഷങ്ങള്‍ക്കുപരി ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പ്രാധാന്യം നല്കിക്കൊണ്ടും താന്ത്രിക ചടങ്ങുകള്‍ക്ക് പ്രാമുഖ്യം നല്കിക്കൊണ്ടുമാണ് തിരുമാന്ധാംകുന്നിലെ പൂരാഘോഷങ്ങള്‍ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവ ചടങ്ങുകള്‍ നടക്കുന്നു എന്നതാണ് പ്രത്യേകത. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങള്‍ തുടങ്ങുന്നത്. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരംപുറപ്പാട് എന്നറിയപ്പെടുന്നു.
ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തില്‍ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയില്‍ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയില്‍ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വര്‍ണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വര്‍ണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തില്‍ ഒരാറാട്ടുമാണ് ഉള്ളത്. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകള് വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളില്‍ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.
നിത്യേന രാവിലെയും വൈകുന്നേരവും ഭഗവതിയെ ആറാട്ടിനായി എഴുന്നള്ളിക്കുന്ന കൊട്ടിയിറക്കവും, കൊട്ടിക്കയറ്റവുമാണ് പൂരാഘോഷത്തിന്റെ മുഖ്യചടങ്ങ്. പൂരാഘോഷത്തോടനുബന്ധിച്ചു ക്ഷേത്രത്തിലും താഴെയുള്ള പൂരപ്പറമ്പിലും നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
കാടമ്പുഴ തൃക്കാര്‍ത്തിക
മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കാടാമ്പുഴ ശ്രീഭഗവതിക്ഷേത്രം. ആദിപരാശക്തിയായ കിരാതരൂപത്തിലുള്ള പാര്‍വ്വതി ഇവിടെ ആരാധിക്കപ്പെടുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേല്‍ക്കൂരയില്ല. ‘കാടാമ്പുഴയമ്മ’ എന്ന പേരിലും ഭഗവതി അറിയപ്പെടുന്നു. ഇവിടത്തെ ‘മുട്ടിറക്കല്‍’ വഴിപാട് പ്രസിദ്ധമാണ്. ഈ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ തടസങ്ങള്‍ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തില്‍ നടത്തപ്പെടുന്നില്ല. വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവിയുടെ ജന്മനക്ഷത്രമായതിനാലാണ് ഇന്നേ ദിവസം തൃക്കാര്‍ത്തിക മഹോത്സവമായി ആചരിക്കുന്നത്. അഗ്നി നക്ഷത്രമാണ് കാര്‍ത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാര്‍ത്തിക നക്ഷത്രവും പൗര്‍ണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാര്‍ത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂര്‍ണ്ണബലം സിദ്ധിക്കുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമിപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസത്തെ പ്രാര്‍ത്ഥനയില്‍ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു.
മുന്നിയൂര്‍ കളിയാട്ടം
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കളിയാട്ടം. കളിയാട്ടക്കാവ് എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. മധ്യമലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത് മുന്നിയൂര്‍ കളിയാട്ടത്തോടെയാണ്.
മണ്ഡലകാലത്ത് 40 ദിവസവും കളിയാട്ടത്തിനായി ഇടവമാസത്തിലെ പതിനാറ് ദിവസവും മാത്രമാണ് കളിയാട്ടക്കാവില്‍ നട തുറക്കാറുള്ളൂ. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും പ്രത്യേക അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ദേവീകല്പ്പനയ്ക്കിളക്കം തട്ടാതെ ഇന്നും നടന്നുവരുന്നു.
ശ്രീകോവിലിനുള്ളില്‍ സാത്വിക പൂജകളാണെങ്കിലും മധ്യമ രീതിയിലുള്ള ശാക്തേയ പൂജകളാണ് തിരുമുറ്റത്ത് നടക്കുക. കോഴിക്കല്ലില്‍ കോഴിവെട്ടുന്നതാണ് പ്രധാന ചടങ്ങുകളിലൊന്ന്.
സാധാരണ കളിയാട്ടം രാത്രി ഒന്‍പത് മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രി കഴിയുന്നതോടെ അവസാനിക്കും. പന്ത്രണ്ടാം ദിവസം പകല്‍ കളിയാട്ടമാണ്. കോഴിക്കളിയാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. ആയിരക്കണക്കിന് ആളുകള്‍ അന്നേ ദിവസം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. കളിയാട്ടത്തിന്റെ ഭാഗമായുള്ള കാര്‍ഷിക-കാര്‍ഷികേതര ചന്തയും പ്രസിദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: